ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ നാടുകടത്തൽ ഇടപെട്ട് അവരുടെ നാടുകടത്തൽ തടയണം എന്നാണ് ഇവരെ അനുകൂലിക്കുന്നവർ നിവേദനവുമായി കാൻബറയിൽ എത്തി.
തമിഴ്‍ കുടുംബം താമസിച്ചിരുന്ന ക്വീൻസ്ലാന്റിലെ ബിലോയിലയിലെ പ്രദേശവാസികളാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസനെ കാണാൻ നിവേദനവുമായി പോയത്.
ശ്രീലങ്കയിലേക്ക് നാടുകടത്തൽ നേരിടുന്ന പ്രിയ, നടേശലിംഗം, മക്കളായ കോപിക (4), തരുണിക്ക (2) എന്നിവരെ ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2,50,000 പേർ ഒപ്പിട്ട നിവേദനവുമായാണ് കുടുംബത്തിന്റെ സുഹൃത്തുക്കൾ പാർലമെന്റിൽ എത്തിയത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും ഇവർ ശ്രമിക്കുന്നുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിൽ ഇത് സാധ്യമല്ല എന്നാണ് ഇവര്ക്കു ലഭിച്ചിരിക്കുന്ന മറുപടി.
തമിഴ്‍ കുടുംബത്തെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നത് മറ്റുള്ള അഭയാർത്ഥികൾക്ക് നൽകുന്ന തെറ്റായ സന്ദേശമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ അറിയിച്ചിരുന്നു.
നാടുകടത്തൽ നടപടി നേരിടുന്ന ശ്രീലങ്കൻ തമിഴ് കുടുംബത്തിന് കുറഞ്ഞത് 12 ദിവസം കൂടി ഓസ്ട്രേലിയയിൽ തുടരാൻ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. സെപ്റ്റംബർ 18ന് ഇവരുടെ കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ കുടുംബത്തെ നാടുകടത്തരുതെന്നും ഫെഡറൽ സർക്യൂട്ട് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീലങ്കയിലേക്ക് നാടുകടത്താനായി വിമാനത്തിൽ കയറ്റിയ പ്രിയ, നടേശലിംഗം, മക്കളായ കോപിക (4), തരുണിക്ക (2) എന്നിവരെ അവസാന നിമിഷത്തെ കോടതി ഇടപെടലിനെ തുടർന്ന് വഴിമധ്യേ ഡാർവിനിൽ ഇറക്കിയിരുന്നു.
ഡാർവിനിൽ നിന്ന് ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുപോയ കുടുംബത്തെ അവിടെ അഭയാർത്ഥി കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഓരോ തവണ കോടതി കേസ് പരിഗണിച്ചപ്പോഴും തമിഴ്‍ കുടുംബത്തെ പിന്തുണയ്ക്കുന്നവർ പ്ലാക്കാർഡുകളുമായി കോടതി മുന്നിൽ തടിച്ചുകൂടിയിരുന്നു.
തമിഴ്‍ കുടുംബം മാത്രമാണ് ക്രിസ്തമസ് ഐലന്റിൽ ഉള്ളത്. ഇവിടുത്തെ ഫ്ലോർ ബോർഡ് തകർന്നു പ്രിയയുടെ കാലികാലിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ഇവർ ക്രിസ്മസ് ഐലന്റിൽ ദുരിതമനുഭവിക്കുകയാണെന്ന് ഇവരുടെ കുടുംബ സുഹൃത്ത് എയ്ഞ്ചല ഫ്രഡറിക്സ് പറഞ്ഞു.
ശ്രീലങ്കയിലേക്ക് നാടുകടത്തിയാൽ നടേശലിംഗം അറസ്റ്റ് നേരിടേണ്ടി വരുമെന്നും ഇവരുടെ മറ്റൊരു സുഹൃത്ത് ആശങ്കയറിയിച്ചു.
ഇവർക്ക് പിന്തുണ നൽകിക്കൊണ്ട് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ശ്രീലങ്കയിലേക്ക് നാടുകടത്തിയാൽ കുടുംബത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും സുഹൃത്തുക്കൾ നടത്തിവരുന്നു.
നാടുകടത്തുന്നതോടെ ഇവർക്ക് ഒരു വര്ഷം മുതൽ മൂന്നു വര്ഷം വരെ ഓസ്ട്രേിലയയിലേക്ക് വരാൻ വിലക്കുണ്ടാകും. ഇതിനു പുറമെ മെൽബണിൽ നിന്നും ഡാർവിനിലേക്കും അവിടുന്ന് ക്രിസ്മസ് ഐലന്റിലേക്കുമുള്ള വിമാനയാത്രകളുടെ ചിലവുകളും അഭിഭാഷകർക്കായി നൽകേണ്ട തുകയുമായി ആയിരക്കണക്കിന്ന് ഡോളറിന്റെ കടബാധ്യതകളും ബാക്കി വച്ചുകൊണ്ടാകും ഇവർ രാജ്യം വിടുന്നത്. ഇതിനായി 100,000 ഡോളറോളം സുഹൃത്തുക്കൾ സമാഹരിച്ചിട്ടുണ്ട്.