ഓസ്‌ട്രേലിയയിലെ പ്രീ സ്‌കൂളുകളിൽ അഞ്ചു വിദേശ ഭാഷകളാണ് നിലവിൽ രണ്ടാം ഭാഷയായി കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്നത്. ഇതിനു പുറമെയാണ് ഹിന്ദി ഉൾപ്പെടെ നാല് വിദേശ ഭാഷകൾ കൂടി രണ്ടാം ഭാഷയായി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിംഗ്ഹാം അറിയിച്ചു.
ഏർലി ലേർണിംഗ് ലാങ്ഗ്വേജസ് ഓസ്‌ട്രേലിയ (ELLA) പദ്ധതിയുടെ ഭാഗമായാണ് ടേൺ ബുൾ സർക്കാറിന്റെ ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പ്രീസ്‌കൂൾ മുതൽ കുട്ടികൾക്ക് വിദേശ ഭാഷകൾ കൂടി പഠിക്കാൻ അവസരം നൽകുക എന്നതാണ് ഏർലി ലേർണിംഗ് ലാങ്ഗ്വേജസ് ഓസ്‌ട്രേലിയ പദ്ധതിയുടെ ലക്‌ഷ്യം. പോളിഗ്ലോട്ട്സ് എന്ന ഒരു ആപ്ലികേഷൻ അഥവാ ആപ്പ് വഴിയാണ് കുട്ടികൾക്കു രണ്ടാം ഭാഷ പഠിക്കാൻ അവസരം ലഭിക്കുക.
പ്രീ സ്‌കൂൾ കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്തു ടാബ്ലെറ്റുകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഭാഷ പഠിക്കുവാൻ കുട്ടികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
2018 -ൽ പുതുതായി തുടങ്ങുന്ന ഹിന്ദിക്ക് പുറമെ മോഡേൺ ഗ്രീക്കും രണ്ടാം ഭാഷയുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
2017- ൽ ഇറ്റാലിയനും സ്പാനിഷുമാകും പുതുതായി രാണ്ടാം ഭാഷയുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നവ .
ഈ പദ്ധതിയുടെ ഭാഗമായാണ് മറ്റു അഞ്ചു ഭാഷകളായ ചൈനീസ്, ജാപ്പനീസ്, ഇൻഡോനേഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിവ രണ്ടാം ഭാഷയായി കുട്ടികൾക്ക് തെരഞ്ഞെടുത്തു പഠിക്കാക്കാനുള്ള അവസരം നിലവിൽ ഉള്ളത്.