ക്വീൻസ്ലാൻഡിലെ വൂൾവർത്സിൽ നിന്ന് വാങ്ങിയ സ്ട്രോബെറി കഴിച്ചത് വഴി തയ്യൽ സൂചി തൊണ്ടയിൽ കുടുങ്ങി ബ്രിബൈനിലുള്ള 21 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ വാങ്ങിയ മറ്റു സ്ട്രോബെറികളിലും സൂചികൾ കണ്ടെത്തിയിരുന്നു.
Berry Obsession, Berry Liscious എന്നീ കമ്പനികളുടെ സ്ട്രോബെറികളിലാണ് സൂച്ചികൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതോടെ വൂൾവർത്സ് സ്ട്രോബെറികൾ തിരിച്ചുവിളിച്ചു.
മുൻ ജീവനക്കാരൻ മനഃപൂർവം ബെറികൾക്കുള്ളിൽ സൂചികൾ നിക്ഷേപിച്ചതാകാം ഇതിന് കാരണമെന്ന് ദി ക്വീൻസ്ലാൻഡ് സ്ട്രോബെറി ഗ്രോവെർസ് അസോസിയേഷൻ സംശയിക്കുന്നു.
സമാനമായ രണ്ടു സംഭവങ്ങൾ വിക്ടോറിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെക്കൻ ക്വീൻസ്ലാൻഡിലെ ഒരു ഫാമിൽ നിന്നും മൂന്ന് കുട്ടകളിലായി വൂൾവർത്സിലേക്ക് വിതരണം ചെയ്ത സ്ട്രോബെറികളിൽ തയ്യൽ സൂചികൾ കണ്ടെത്തി. എന്നാൽ ഏതു ഫാമിൽ നിന്നുള്ള സ്ട്രോബെറികളിലാണ് ഇവ കണ്ടെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇതോടെ ആരോഗ്യവകുപ്പും പോലീസും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ക്വീൻസ്ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ ആഴ്ച മുതൽ വാങ്ങിയ സ്ട്രോബെറികൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പും പോലീസും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു. ഇത്തരത്തിൽ സ്ട്രോബെറികൾക്കുള്ളിൽ സൂചികൾ കണ്ടെത്തുന്നവർ 131 444 എന്ന നമ്പറിൽ വിളിച്ചു ഉപദേശം തേടേണ്ടതാണെന്ന് പോലീസ് അറിയിച്ചു.