കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിനെതിരെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ വൂള്‍വര്‍ത്ത്‌സിനും കോള്‍സിനുമെതിരെ ഏറെ നാളായി പ്രതിഷേധമുയരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പാലുല്‍പാദന മേഖലയെയും കര്‍ഷകരെയും ഈ വ്യാപാരഭീമന്‍മാരുടെ നടപടി ബാധിക്കുന്നു എന്നാണ് വിമര്‍ശനം.
ഇതിനൊടുവിലാണ് പാല്‍വില വര്‍ദ്ധിപ്പിക്കാന്‍ വൂള്‍വര്‍ത്ത്‌സ് തീരുമാനിച്ചത്. വൂള്‍വര്‍ത്തിന്റെ ഹോം ബ്രാന്റ് പാലിന് പത്തു ശതമാനം വിലയാണ് കൂട്ടുന്നത്.
രണ്ടു ലിറ്റര്‍ ബോട്ടിലിന് 2.20 ഡോളറും, മൂന്നു ലിറ്റര്‍ ബോട്ടിലിന് 3.30 ഡോളറുമായിരിക്കും ചൊവ്വാഴ്ച മുതല്‍ വില.
അധികമായി ലഭിക്കുന്ന വരുമാനം വൂള്‍വര്‍ത്ത്‌സിന് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചു. 450 ഓസ്‌ട്രേലിയന്‍ കര്‍ഷകരാണ് വൂള്‍വര്‍ത്ത്‌സിനുവേണ്ടി പാലുല്‍പാദിപ്പിക്കുന്നത്.
2011ലായിരുന്നു വൂള്‍വര്‍ത്തും കോള്‍സും ലിറ്ററിന് ഒരു ഡോളര്‍ നിരക്കില്‍ പാല്‍ വിറ്റു തുടങ്ങിയത്. പരസ്പരമുള്ള മത്സരത്തിന്റെ ഫലമായിട്ടായിരുന്നു ഈ വില കുറയ്ക്കല്‍.
എന്നാല്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് രൂക്ഷമായ വരള്‍ച്ച ബാധിച്ച സാഹചര്യത്തില്‍ വരള്‍ച്ചാ ആശ്വാസം എന്ന പേരില്‍ $1.10 ന് വൂള്‍വര്‍ത്തസ്് പാല്‍ വിറ്റു. കര്‍ഷകര്‍ക്ക് സഹായം നല്‍കാനായിരുന്നു ഇത്.
ഇതോടൊപ്പം തന്നെ ഒരു ഡോളര്‍ നിരക്കിലും പാല്‍ വില്‍പ്പന തുടര്‍ന്നുവന്നതാണ് ചൊവ്വാഴ്ചയോടെ പൂര്‍ണമായും നിര്‍ത്തലാക്കുന്നത്.
വൂള്‍വര്‍ത്ത്‌സിന്റെ ഈ തീരുമാനത്തെ ന്യൂ സൗത്ത് വെയില്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരിക്കും ഇതു പകരുകയെന്നും അസോസിയേഷന്‍ പ്രതികരിച്ചു.
കോള്‍സും ആല്‍ഡിയും ഇതേ നടപടി പിന്തുടരണമെന്നും NSW ഫാര്‍മേഴ്‌സ് ഡയറി കമ്മിറ്റി അധ്യക്ഷ എറിക ചെസ്വര്‍ത്ത് ആവശ്യപ്പെട്ടു.