മെൽബണിലെ ഫ്‌ളാഗ്സ്റ്റാഫ് സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് തോക്കുമായി ഒരാളെ കണ്ടുവെന്ന വിവരം പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് ക്രിട്ടിക്കൽ റെസ്പോൻസ് ടീം സ്ഥലത്തെത്തുകയും സ്റ്റേഷൻ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഒരു യാത്രക്കാരൻ നൽകിയ മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പരിശോധന. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സംഗീതോപകരണത്തിന്റെ ബാഗ് തോക്കിന്റെ ബാഗാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത്.
എന്നാൽ തെരുവോരത്ത് പാട്ടുപാടുന്ന ഇയാളുടെ കയ്യിൽ തോക്കല്ല മറിച്ച് സംഗീതോപകരണം ആണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ജേക്കബ് ബുഗേജ അറിയിച്ചു..
രാവിലത്തെ തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. തോക്കേന്തിയ ആളെ കണ്ടു എന്ന വാർത്തയും ആയുധധാരികളായ പൊലീസിന്റെ സാന്നിധ്യവും ജനങ്ങളെ പരിഭ്രാന്തരാക്കി.
സ്റ്റേഷൻ പരിസരം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ സാഹചര്യത്തിൽ ഒമ്പതു മണിയോടെ ട്രെയിനുകൾ ഓടിത്തുടങ്ങിയതായി പൊലീസ് അറിയിച്ചു.