ശ്രീലങ്കയിൽ ഈസ്റ്റർ ദിവസം നടന്ന സ്ഫോടന പരമ്പരകൾക്ക് ശേഷം പുണ്യമാസമായ റമദാൻ ആരംഭിക്കുന്നതിന് മുൻപ് രാജ്യത്ത് വീണ്ടും ഭീകരാക്രമണങ്ങൾക്ക് ഇസ്ലാമിക് വിമതർ പദ്ധതിയിടുന്നതായാണ് ഇന്റലിജസ് റിപ്പോർട്ട്.
സൈനിക വേഷത്തിലെത്തുന്ന വിമതർ വരുന്ന ഞായറാഴ്‌ചയും തിങ്കളാഴ്ചയുമായി ആക്രമണങ്ങൾ നടത്താനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പോലീസ് മേധാവി രാജ്യത്തെ അധികൃതർക്ക് കത്തയച്ചു.
ഇതേതുടർന്ന് ശ്രീലങ്ക സന്ദർശിക്കാൻ പദ്ധതിയിടുന്ന ഓസ്ട്രേലിയക്കാർ യാത്രയെക്കുറിച്ച് പുനരാലോചിക്കണം എന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെവിടെയും ആക്രമണങ്ങൾ ഉണ്ടാകാം. അതിനാൽ അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ആക്രമണസാധ്യതകൾ ഉള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നിയന്ത്രിക്കണമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.
ശ്രീലങ്കയിലെ ഓസ്‌ട്രേലിയൻ എംബസ്സിയിൽ ജോലിചെയ്യുന്നവരുടെയും ഓസ്‌ട്രേലിയൻ വോളന്റീയേഴ്സ് ഇന്റർനാഷണൽ (AVI) പദ്ധതിയുടെ ഭാഗമായി സന്നദ്ധസേവനം നടത്തുന്നവരുടെയും കുടുംബങ്ങൾക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ വേണ്ട സഹായങ്ങളും വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തതായി എ ബി സി റിപ്പോർട്ട് ചെയ്തു.
ഈസ്റ്റർ ദിനത്തിൽ സ്ഫോടനങ്ങൾ നടന്ന പ്രദേശങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബന്ദാരനായകേ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നവർ ആവശ്യമായ യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളും കൈവശം കരുത്തണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
മാത്രമല്ല, വിമാനത്താവളത്തിൽ പതിവ് സുരക്ഷാപരിശോധനകൾക്ക് പുറമെ മൂന്ന് അധിക പരിശോധനകളും നടപ്പിലാക്കിയിട്ടുണ്ട്.

Source: DFAT
വിമാനത്താവളത്തിലേക്കെത്തുന്ന വാഹനങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ ടെർമിനലിലേക്ക് എത്തുന്നതിന് 100 മീറ്റർ അകലെ വച്ച് ശരീര പരിശോധനയും നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വിമാന സർവീസുകളെ ഇത് സാരമായി ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിസരത്ത് കർശന സുരക്ഷാ നടപടികൾ ഉള്ളതിനാൽ വിമാന യാത്രക്കാർ നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് ശ്രീലങ്കൻ എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ആശങ്കയിൽ ഓസ്‌ട്രേലിയൻ മലയാളികൾ
കൊളംമ്പോ വഴി കേരളത്തിലേക്ക് നിരവധി ഓസ്‌ട്രേലിയൻ മലയാളികളും യാത്ര ചെയ്യാറുണ്ട്. സംഭവത്തിന് മുൻപ് കേരളത്തിൽ എത്തിയ പലർക്കും ഇപ്പോൾ ശ്രീലങ്ക വഴി തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ ആശങ്കയുള്ളതായി മെൽബണിലെ ഏഷ്യ ട്രാവൽസ് ഉടമ പ്രതീഷ് മാർട്ടിൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കേരളത്തിൽ നിന്നും തിരികെ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനായി വിമാന ടിക്കറ്റ് മാറ്റിയെടുക്കാനുള്ള സാധ്യതകൾ അന്വേഷിച്ച് നിരവധി പേർ ബന്ധപ്പെടുന്നതായും പ്രതീഷ് പറഞ്ഞു.
മെൽബണിൽ നിന്നും കഴിഞ്ഞ മാസം കേരളത്തിലേക്ക് ശ്രീലങ്ക വഴി യാത്ര ചെയ്ത ആളാണ് മാത്യൂസ് കളപ്പുരയ്ക്കൽ.

Source: Pixabay
അവധി ആഘോഷിക്കാനായി കേരളത്തിലെത്തിയ ഇദ്ദേഹം മടക്ക യാത്രക്കായി ശ്രീലങ്കൻ എയർലൈൻസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് ഇതുവഴി ഇനി യാത്ര ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് മാത്യൂസ് കളപ്പുരക്കൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
അതുകൊണ്ട് തന്നെ ടിക്കറ്റ് മാറ്റിയെടുക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചറിയാൻ ട്രാവൽ ഏജന്റിനെ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ യാത്ര തിരിക്കാൻ രണ്ടാഴ്ച കൂടി ബാക്കി നിൽക്കെ ശ്രീലങ്കയിൽ നിലനിൽക്കുന്ന ആശങ്കാജനകമായ അന്തരീക്ഷത്തിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് മാത്യൂസ്.
വീണ്ടും സമാനമായ ആക്രമണങ്ങൾ നടന്നാൽ ശ്രീലങ്ക വഴി യാത്ര ചെയ്യാനുള്ള തീരുമാനം പാടേ ഉപേക്ഷിക്കുമെന്നും മാത്യൂസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതിനിടെ രാജ്യത്ത് വീണ്ടും ആക്രമണത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് കൊളംബോയിലെ യു എസ് എംബസിയും അറിയിച്ചു.
മുന്നറിയിപ്പുകളെത്തുടർന്ന് രാജ്യത്ത് സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
രാജ്യം സന്ദർശിക്കുന്ന പൗരന്മാർ ശ്രീലങ്ക വിടണമെന്ന് സൗദി അറേബിയയും ഇസ്രായേലും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ശ്രീലങ്ക സന്ദർശിക്കുന്ന പൗരന്മാർക്ക് അമേരിക്കയും ചൈനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ മുന്നറിയിപ്പ്.
ഓരോ ദിവസത്തെയും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം ശ്രീലങ്ക സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചു.
മുന്നറിയിപ്പ് നൽകുന്നത്