ACT യിലെങ്ങും വിതരണം ചെയ്യുന്ന കാൻബറ മിൽക്കിന്റെ ഒരു ലിറ്റർ പാൽക്കുപ്പിയിലാണ് തലസ്ഥാനത്തുനിന്നും ദീർഘനാളായി കാണാതായ 12 പേരുടെ ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നത്. 1974 മുതൽ കാണാതായവരുടെ ചിത്രങ്ങളാണ് പാൽക്കുപ്പികളിലുള്ളത്.
കാണാതായവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസും കാൻബറ മിൽക്കും ചേർന്ന് ജൂൺ ആറിന് തുടങ്ങിയ ഈ പദ്ധതി ആറാഴ്ചത്തേക്കാണ് നടപ്പിലാക്കുന്നത്.
ഇതുവഴി കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും ഇതിലൂടെ ഇവരെ കണ്ടെത്താൻ സഹായമാകുമെന്നും എ എഫ് പി അസിസ്റ്റന്റ് കമ്മീഷ്ണർ ഡെബ്ബി പ്ലാറ്റ്‌സ് പറഞ്ഞു.
മാത്രമല്ല പുതിയ പ്രചാരണം വഴി അന്വേഷണോദ്യോഗസ്ഥർക്ക് ഈ 12 കേസുകളുടെയും പ്രധാന തുമ്പ് ലഭിക്കാൻ സാധിച്ചേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കാണാതായ പ്രിയപ്പെട്ടവരുടെ തിരിച്ചു വരവ് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഇതുവഴി ആശ്വാസം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫെഡറൽ പൊലീസുമായി ചേർന്ന് ഇത്തരത്തിലൊരു സംരംഭമെന്ന് കാൻബറ മിൽക്ക് പുറത്തിറക്കുന്ന കമ്പനിയായ ക്യാപിറ്റൽ ചിൽഡ് ഫുഡ്സ് ഓസ്‌ട്രേലിയയുടെ ഡയറക്ടർ ഡേവിഡ് ത്യക്ക് പറഞ്ഞു.
1980ൽ കാണാതായവരുടെ ചിത്രങ്ങൾ പാൽക്കുപ്പിയിൽ പതിപ്പിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടി അമേരിക്ക പുറത്തിറക്കിയിരുന്നു.