ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തൽ നേരിടുന്ന ശ്രീലങ്കൻ തമിഴ് കുടുംബത്തെ സർക്കാർ ക്രിസ്ത്മസ് ഐലന്റിലേക്ക് മാറ്റി. രണ്ടു വയസുകാരിയുടെ നാടുകടത്തൽ നടപടി കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇവരെ ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറ്റിയത്.
രാത്രി രണ്ടു മണിയോടെയാണ് ബന്ധുക്കളോ, അഭിഭാഷകരോ അറിയാതെ ഇവരെ ഡാർവിനിൽ നിന്ന് ക്രിസ്ത്മസ് ഐലന്റിലേക്ക് കൊണ്ടുപോയത്.
ശ്രീലങ്കൻ ദമ്പതികളായ പ്രിയ, നടേശലിംഗം എന്നിവരും, അവരുടെ മക്കളായ നാലു വയസുകാരി കോപിക, രണ്ടു വയസുകാരി തരുണിക്ക എന്നിവരുമാണ് നാടുകടത്തൽ നടപടി നേരിടുന്നത്.
മെൽബണിൽ നിന്ന് നാടുകടത്താനായി വ്യാഴാഴ്ച രാത്രി വിമാനത്തിൽ കയറ്റിയ ഇവരെ കോടതി ഇടപെടലിനെ തുടർന്ന് ഡാർവിനിൽ ഇറക്കിയിരുന്നു. തുടർന്ന് രണ്ടു വയസുകാരി തരുണിക്കയുടെ നാടുകടത്തൽ അടുത്ത ബുധനാഴ്ച വരെ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഇതിനു പിന്നാലെയായിരുന്നു സർക്കാരിന്റെ അപ്രതീക്ഷിത നടപടി.
ക്രിസ്ത്മസ് ഐലന്റിൽ എത്തിയ ശേഷം ബന്ധുക്കളെയും പിന്തുണ നൽകുന്ന മനുഷ്യാവകാശ പ്രവർത്തകരെയും പ്രിയ ബന്ധപ്പെട്ടു.
തന്റെ മക്കളെ അവരുടെ ലോകത്ത് നിന്ന് അടർത്തിമാറ്റിയിരിക്കുകയാണ്. മനുഷ്യാവകാശ പ്രവർത്തകരോട് പ്രിയ പറഞ്ഞു
നാലു ബങ്ക്ബെഡുകളുള്ള ഒരു മുറിയിലാണ് ഇവരെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നതെന്നും, തുടർ നടപടികൾ എന്താണ് എന്ന കാര്യം ഇതുവരെയും അറിയിച്ചിട്ടില്ലെന്നും ഇവർക്കുവേണ്ടി രംഗത്തുള്ള ഹോം ഓഫ് ബൈലോ എന്ന സംഘടനയുടെ വക്താവ് ഏഞ്ചല ഫ്രെഡറിക്സ് എസ് ബി എസിനോട് പറഞ്ഞു.
സർക്കാരിന്റെ നടപടി ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ കുടുംബത്തിനുള്ള തുടർ നിയമസഹായം എങ്ങനെ എത്തിക്കും എന്നതിനെക്കുറിച്ച് കുടിയേറ്റകാര്യ വകുപ്പിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അവരുടെ അഭിഭാഷകയും പറഞ്ഞു.
ശ്രീലങ്കയിൽ നിന്ന് ഏഴു വർഷം മുമ്പ് ബോട്ടിലെത്തിയ ശ്രീലങ്കൻ ദമ്പതികളെയും, ഓസ്ട്രേലിയയിൽ ജനിച്ച ഇവരുടെ രണ്ടു പെൺകുട്ടികളെയും ബ്രിഡ്ജിംഗ് വിസ കാലാവധി കഴിഞ്ഞതോടെയാണ് തിരിച്ചയക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.
ഇവരെ ഓസ്ട്രേലിയക്ക് സംരക്ഷിക്കേണ്ട കടമയില്ലെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടന്റെ അഭിപ്രായം. ബോട്ടുമാർഗ്ഗം എത്തിയ ഇവർക്ക് ഓസ്ട്രേലിയ അഭയം നൽകേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.