ഓസ്‌ട്രേലിയയിലെ ഭൂപ്രകൃതിയെയും ജീവജാലങ്ങളെയും അഗ്നിക്കിരയാക്കിക്കൊണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്ത് കാട്ടുതീ കത്തിപ്പടരുകയാണ്.
കുറഞ്ഞത് 24 പേരാണ് ഇതിനോടകം കാട്ടുതീ ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. ആറ് മില്യൺ ഹെക്ടറുകൾ കത്തിനശിക്കുകയും 500 മില്യൺ ജീവജാലങ്ങൾ ഇല്ലാതാവും ചെയ്തുവെന്നാണ് പ്രാഥമിക കണക്ക്.
ദുരന്തം വിതച്ചുകൊണ്ട് കത്തിപ്പടരുന്ന കാട്ടുതീക്ക് പ്രധാന കാരണം കാലാവസ്ഥാവ്യതിയാനമാണെന്ന ചർച്ചകളും കൊഴുക്കുകയാണ്.
ഇതിനിടെ മനഃപൂർവം കാട്ടുതീ ഉണ്ടാകാൻ കാരണമായതിന് ന്യൂ സൗത്ത് വെയിൽസിൽ മാത്രം ഇക്കഴിഞ്ഞ നവംബർ മാസം ആദ്യം മുതൽ 183 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .
ഇതിൽ 24 പേർക്കെതിരെ മനഃപൂർവം തീ കത്തിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കാട്ടുതീ സമയത്ത് നടപ്പിലാക്കിയിരുന്ന നിയമങ്ങൾ ലംഘിച്ചതിനാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് 53 പേർ ടോട്ടൽ ഫയർ ബാൻ ലംഘിച്ചതിനും, 47 പേർ കത്തിച്ച സിഗരറ്റോ, തീപെട്ടിയോ വലിച്ചെറിഞ്ഞതിനുമാണ് നിയമനടപടികൾ നേരിടുന്നത്.
ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും കനത്ത നാശം വിതച്ചുകൊണ്ട് കാട്ടു തീ പടർന്നു പിടിക്കുന്നതിനിടെ നവംബറിൽ ഒരു ടീനേജുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു.
ന്യൂ സൗത്ത് വെയിൽസിലെ നിയമപ്രകാരം മനഃപൂർവം തീ കത്തിക്കുകയോ അശ്രദ്ധകൊണ്ട് തീ പടരാൻ കാരണമാവുകയോ ചെയ്യുന്നത് 21 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
NSWൽ സിഗരറ്റ് കുറ്റി പുറത്തെറിഞ്ഞാല്‍ വൻ പിഴ
ന്യൂ സൗത്ത് വെയിൽസിൽ സിഗരറ്റ് കുറ്റി കാറില്‍ നിന്ന് പുറത്തേക്കെറിയുന്നവർക്ക് വൻ പിഴയും ഡീമെറിറ്റ് പോയിന്റുകളും ലഭിക്കുന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ ഈ വർഷമാദ്യം പ്രഖ്യാപിച്ചിരുന്നു.
സിഗരറ്റ് കുറ്റി കാറില്‍ നിന്ന് പുറത്തേക്ക് എറിയുന്ന ഡ്രൈവര്‍ക്ക് 660 ഡോളര്‍ പിഴയും അഞ്ചു ഡീമെറിറ്റ് പോയിന്റുമാണ് ലഭിക്കുക. ടോട്ടൽ ഫയർ ബാൻ ദിവസമാണെങ്കിൽ 11,000 ഡോളര്‍ പിഴയും, പത്ത് ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ.
സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിയുന്നത് കാറിലെ ഏത് യാത്രക്കാരാണെങ്കിലും 660 ഡോളര്‍ പിഴ ഈടാക്കും. ടോട്ടല്‍ ഫയര്‍ ബാന്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും.
ജനുവരി 17 മുതലാകും ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.