ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കാട്ടു തീ പ്രതിസന്ധിയിലൂടെയാണ് ഓസ്‌ട്രേലിയ കടന്ന് പോകുന്നത്.
വീടുകളുൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ അഗ്നിക്കിരയായതോടെ വലിയ തോതിലുള്ള ഒഴിപ്പിക്കലും നടക്കുന്നുണ്ട്.
അത്തരത്തിൽ വീടൊഴിഞ്ഞുപോയ തെക്കൻ ന്യൂ സൗത്ത് വെയിൽസിലെ ബേറ്റ്മാൻസ് ബേയിലുള്ളള എട്ടു മലയാളി കുടുംബങ്ങളാണ് ഒരു വീട്ടിൽ അഭയം തേടിയിരിക്കുന്നത്.
വീടു വിട്ടിട്ട് ഒരാഴ്ച
ഡിസംബർ 31നാണ് ബേറ്റ്മാൻസ് ബേയിൽ സ്ഥിതഗതികൾ വഷളായത്. അന്ന് ഈ പ്രദേശത്തെ മലയാളികൾ ഉൾപ്പെടെയുള്ളവർ വീടുവിട്ടോടുകയായിരുന്നു.
വീടുകളിലേക്ക് തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാൽ കടൽത്തീരത്തോട് ചേർന്ന് ജീവിക്കുന്ന ഒരു മലയാളിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു എട്ടു കുടുംബങ്ങളും.
നോയൽ ഡിക്രൂസ് എന്ന മലയാളിയാണ് മറ്റുള്ളവർക്ക് ഇത്തരത്തിൽ അഭയം ഒരുക്കിയിരിക്കുന്നത്. കടലിനോട് ചേർന്നുള്ള വീടായതിനാൽ സുരക്ഷിതത്വം കൂടുതലാണെന്നും, അതിനാലാണ് എല്ലാവരെയും ഇവിടേക്ക് വിളിച്ചതെന്നും നോയൽ ഡിക്രൂസ് പറഞ്ഞു.
കഠിനമായി ചൂടു കൂടുകയാണെങ്കിൽ കടൽവെള്ളത്തിൽ ശരീരവും വസ്ത്രവും നനയ്ക്കണം എന്നാണ് മുന്നറിയിപ്പെന്നും, അതിനാലാണ് എല്ലാവരും ഇവിടെ കഴിയുന്നതെന്ന് ഈ കൂട്ടത്തിലുള്ള മൂസക്കുട്ടി ചൂണ്ടിക്കാട്ടി.
എന്നാൽ ഒരാഴ്ചയായി ഇവിടെ വൈദ്യുതി ബന്ധമോ, പാചവാതകമോ ഇല്ല. ചെറിയ പാചകവാതക സിലിണ്ടറുകൾ സംഘടിപ്പിച്ച് ഒറ്റ സ്റ്റൗവിലാണ് കുറച്ചെങ്കിലും ഭക്ഷണം പാചകം ചെയ്യാനോ വെള്ളം ചൂടാക്കാനോ കഴിയുന്നത്.

View from inside the unit of Noel D'Cruz at noon time on 31st December Source: Supplied
വെള്ളം ചൂടാക്കി മാത്രമേ കുടിക്കാവൂ എന്നാണ് മുന്നറിയിപ്പ്. പക്ഷേ ഗ്യാസും വൈദ്യുതിയും ഇല്ലാതെ എങ്ങനെ വെള്ളം ചൂടാക്കും?
വൈദ്യുതി ഇല്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്. ബ്രെഡും റാപ്പും മാത്രമാണ് ആകെ ലഭിക്കുന്ന ഭക്ഷണം
ഗർഭിണികളും കുട്ടികളും ഉൾപ്പെടെ ഈ സംഘത്തിലുണ്ട്.
ജീവിതത്തിലെ ഏറ്റവും ആശങ്കയുള്ള ദിവസങ്ങളാണ് കടന്നുപോകുന്നതെന്ന് ഇവിടെ ഏജ്ഡ് കെയർ സെന്ററിൽ നഴ്സായ ലിഡിയ മാർക്കോസ് പറഞ്ഞു.
കുടുംബത്തെ ഇനി കാണാൻ കഴിയുമോ എന്നു പേടിച്ചുപോയി.
ഇത്രയും ആശങ്കയ്ക്കിടയിലും ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചതാണ് ഇപ്പോൾ ആശ്വാസമായിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. പരസ്പരം ആശ്വാസം പകരാനും താങ്ങാകാനും കഴിയുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഒറ്റ്ക്ക് കഴിയുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലാകുന്നുണ്ടെന്നും മൂസക്കുട്ടി പറഞ്ഞു.
ഈ പ്രദേശത്തേക്കുള്ള റോഡു ഗതാഗതവും തടസ്സപ്പെട്ടതിനാൽ പുറത്തു നിന്നുല്ള സഹായം എത്താനോ, പുറത്തേക്കെങ്ങും പോകാനോ കഴിയുന്നില്ല എന്ന് നോയൽ ഡിക്രൂസ് പറഞ്ഞു.

Source: Supplied
എന്നാൽ നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും, അതേക്കുറിച്ച് ആശങ്കയില്ലെന്നും ഇവർ പറഞ്ഞു.

Source: Supplied
നേരിയ തോതിൽ മഴ പെയ്തതോടെ തീയ്ക്ക് അൽപം ആശ്വാസമായെങ്കിലും, ഭക്ഷണമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

Source: Supplied