വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന 457 വിസ നിർത്തലാക്കുമെന്ന് ഫെഡറൽ സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഇതിനു പകരമായി രണ്ടു വർഷത്തേക്കും നാല് വർഷത്തേക്കുമുള്ള രണ്ടു പുതിയ വിസകളാണ് പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നത്.
എന്നാൽ, ഈ പുതിയ വിസകളിലും വിദേശത്ത് നിന്നും ജോലിക്കായി ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിൽ കർശന നിയമങ്ങൾ ആണ് സർക്കാർ മുൻപോട്ടു വച്ചിരിക്കുന്നത്.
ഇത്രയും കാലം 457 വിസ ലഭിക്കുമായിരുന്ന 216 തൊഴിൽമേഖലകളെ ഈ പുതിയ വിസകൾക്കുള്ള പട്ടികയിൽ നിന്ന് സർക്കാർ ഒഴിവാക്കി.
ഇതിൽ ഐ ടി മേഖലയിലെയും, ആരോഗ്യ മേഖലയിലെയും ചില തൊഴിലുകളും ഉൾപ്പെടുന്നു. ഐ സി ടി സപ്പോർട്ട് ആൻഡ് ടെസ്റ്റ് എഞ്ചിനീയർ, വെബ് ഡെവലപ്പർ, ഐ സി ടി സപ്പോർട്ട് ടെക്‌നിഷ്യൻസ്, ഇലക്ട്രോണിക് എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ തുടങ്ങിയ ജോലികളെയാണ് ഐ ടി മേഖലയിൽ നിന്നും എടുത്തു മാറ്റിയിരിക്കുന്നത്.
ആരോഗ്യ മേഖലയിൽ നിന്ന് നഴ്സ് റിസർച്ചർ, ഓപ്പറേറ്റിംഗ് തിയേറ്റർ ടെക്‌നിഷ്യൻ, മദർക്രാഫ്റ്റ് നഴ്സ്, പാതോളജി കളക്ടർ തുടങ്ങിയ തൊഴിലുകളാണ് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
ഇതോടെ 457 വിസ ഗണത്തിൽ ഉൾപ്പെട്ടിരുന്ന 651 തൊഴിലുകൾ ഇനി മുതൽ 435 ആയി കുറയും. മാത്രമല്ല, ഇതിൽ തന്നെ 59 മറ്റു തൊഴിലുകൾക്ക് അപേക്ഷിക്കാൻ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .
തൊഴിൽ വിസയിൽ വരുന്ന എല്ലാവരും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കണം എന്ന വ്യവസ്ഥ നിർബന്ധമാക്കുകയും, വിസ പുതുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ താത്കാലിക വിസകൾ
ജോലിക്കായി രണ്ടു വർഷം രാജ്യത്ത് തങ്ങാവുന്ന വിധമുള്ള ഷോർട്ട് ടെം സ്ട്രീമിലുള്ള വിസയും നാല് വർഷത്തെ കാലാവധിയുള്ള മീഡിയം ടെം സ്ട്രീം വിസയുമാണ് നിലവിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നു രണ്ടു പുതിയ വിസകൾ.
ഈ വിസകൾക്കുള്ള അപേക്ഷാ നിരക്കുകളും സർക്കാർ പ്രഖ്യാപിച്ചു. രണ്ടു വർഷത്തെ വിസക്ക് $1150 ഉം നാല് വർഷത്തെ വിസക്ക് $2400 ഉം ആകും അപേക്ഷാ നിരക്ക് . ഇവ 2018 മാർച്ച് മുതൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് പദ്ധതി.
RELATED CONTENT

ഓസ്ട്രേലിയ 457 വിസ (സ്പോൺസേർഡ് തൊഴിൽ വിസ) നിർത്തലാക്കുന്നു