1. ആർക്കൊക്കെ അപേക്ഷിക്കാം
ഓസ്‌ട്രേലിയൻ പൗരത്വമോ, പെര്മനെന്റ് റെസിഡൻസിയോ ഉള്ളവരുടെ മാതാപിതാക്കൾക്ക് ഈ വിസക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ യോഗ്യരായ ന്യൂസിലാൻഡ് പൗരത്വമുള്ളവരുടെ മാതാപിതാക്കൾക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.
2. എത്രനാൾ ഓസ്‌ട്രേലിയയിൽ തങ്ങാൻ സാധിക്കും
ഈ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്ന മാതാപിതാക്കൾക്കു തുടർച്ചയായി പരമാവധി അഞ്ചു വർഷം വരെ ഇവിടെ നിൽക്കാൻ ഈ വിസ അനുവദിക്കുന്നുണ്ട്. ഒരു വർഷമോ, മൂന്നു വർഷമോ, അഞ്ചു വർഷമോ ആയിരിക്കും വിസയുടെ കാലാവധി. അതായത്, ഇവിടെ തങ്ങാൻ കാണിക്കുന്ന കാരണങ്ങൾ അനുസരിച്ചായിരിക്കും വിസയുടെ കാലാവധി നിശ്ചയിക്കപ്പെടുന്നത്. കൂടാതെ, അപേക്ഷകൻറെ പ്രായവും ആരോഗ്യവും മറ്റും വിസ അനുവദിക്കുന്നതിന് കണക്കിലെടുക്കും.
3. ഹെൽത്ത് ഇൻഷുറൻസ്
ഓസ്‌ട്രേലിയയിൽ എത്തുന്ന മാതാപിതാക്കൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കണം എന്നത് നിർബന്ധമാണ്. ഇവിടെ നിൽക്കുന്ന സമയത്ത് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഇൻഷുറൻസിൻറെ പരിധിയിൽ വരും.
4. വിസയുടെ ചെലവ്
അഞ്ചു വർഷത്തെ പേരന്റ് വിസയുടെ യഥാർത്ഥ ഫീസ് നിരക്ക് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, നിലവിലുള്ള വിസ നിരക്കിനെ അപേക്ഷിച്ച് താങ്ങാവുന്ന തുകയായിരിക്കും ഇതെന്ന് കുടിയേറ്റകാര്യ സഹമന്ത്രി അലക്സ് ഹോക് അറിയിച്ചു.
5. വിസ എന്ന് നിലവിൽ വരും
ഈ പുതിയ വിസ അടുത്ത സാമ്പത്തിക വർഷം, അതായത് 2017 ജൂലൈയിൽ, നിലവിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
- പൊതുജനങ്ങൾക്ക് എങ്ങനെ വിസയെക്കുറിച്ചുള്ള പ്രതികരണങ്ങൾ അറിയിക്കാം
ഈ വിസയുടെ വിശദാംശങ്ങളെക്കുറിച്ചും നടപ്പാക്കുന്ന രീതിയെക്കുറിച്ചും ഫീസിനെക്കുറിച്ചുമെല്ലാം ജനങ്ങളടെ അഭിപ്രായം കൂടി സർക്കാർ പരിഗണിക്കും. അതിനു ശേഷമായിരിക്കും വിസ പ്രാബല്യത്തിൽ വരിക. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ഡിസ്കഷൻ പേപ്പർ സർക്കാർ ജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ട്. ഇത് കുടിയേറ്റകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
ഈ ഡിസ്കഷൻ പേപ്പറിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തെ പേരന്റ് വിസയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ സർക്കാരിനെ അറിയിക്കാം.
temporary.parent.visa@border.gov.au എന്ന ഇമെയിൽ വിലാസത്തിൽ പ്രതികരണങ്ങൾ സർക്കാരിനെ എഴുതി അറിയിക്കാം. ഇതിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2016 ഒക്ടോബർ 31 തിങ്കളാഴ്ച്ച അർധരാത്രിയാണ്. 

Source: Department of Immigration