"ഒരു കുടുംബത്തിലെ മൂന്നു തലമുറകളെ ഒന്നിപ്പിക്കാൻ സഹായിക്കുന്ന തീരുമാനം" എന്ന വാഗ്ദാനത്തോടെയാണ് കുടിയേറ്റകാര്യ സഹമന്ത്രി വിസ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ സമൂഹത്തിന് തന്നെ ഏറെ നേട്ടങ്ങളുണ്ടാക്കുന്നതായിരിക്കും ഈ ഒത്തുചേരലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സന്ദർശക വിസ ഉപയോഗിച്ച് മാതാപിതാക്കൾക്ക് ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി ഓസ്ട്രേലിയയിൽ ജീവിക്കാൻ കഴിയില്ല. അങ്ങനെ ജീവിക്കണമെങ്കിൽ ഒന്നുകിൽ കൂടുതൽ ഫീസ് നൽകി കോൺട്രിബ്യൂട്ടറി വിസ എടുക്കേണ്ടിവരും. കുറഞ്ഞ ചെലവിൽ പെർമനൻറ് വിസ ലഭിക്കാൻ 30 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്നും, ഇത് കാര്യക്ഷമമല്ലെന്നും ഹോക് ചൂണ്ടിക്കാട്ടി.
50,000 ഡോളറിനടുത്ത് ഫീസ് നൽകിയെടുക്കുന്ന കോൺട്രിബ്യൂട്ടറി പേരൻറ് വിസ മാത്രമേ വേഗത്തിൽ കിട്ടുകയുള്ളൂ. ഈ കോൺട്രിബ്യുട്ടറി പേരന്റ് വിസയുടെ ഫീസ് നിരക്ക് കൂട്ടാനും കഴിഞ്ഞയാഴ്ച്ച പ്രൊഡക്ടിവീറ്റി കമ്മിഷൻ സർക്കാരിന് ശുപാര്‍ശ സമർപ്പിച്ചിരുന്നു.
കുടിയേറിപ്പാർക്കുന്നവരുടെ ഇത്തരം ആശങ്കകൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് അഞ്ചു വർഷത്തേക്കുള്ള സന്ദർശക വിസ സർക്കാർ പ്രഖ്യാപിച്ചത്.
ഈ വിസയുടെ വിശദാംശങ്ങളെക്കുറിച്ചും നടപ്പാക്കുന്ന രീതിയെക്കുറിച്ചും ഫീസിനെക്ജകുറിച്ചുമെല്ലാം ജനങ്ങളടെ അഭിപ്രായം കൂടി സർക്കാർ പരിഗണിക്കും. അതിനു ശേഷമായിരിക്കും വിസ പ്രാബല്യത്തിൽ വരിക. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ഡിസ്കഷൻ പേപ്പർ സർക്കാർ ജനങ്ങൾക്കായി പുറത്തിറക്കിയിട്ടുണ്ട്. ഇത് കുടിയേറ്റകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
ഈ ഡിസ്കഷൻ പേപ്പറിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തെ പേരന്റ് വിസയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണങ്ങൾ സർക്കാരിനെ അറിയിക്കാം.
temporary.parent.visa@border.gov.au എന്ന ഇമെയിൽ വിലാസത്തിൽ പ്രതികരണങ്ങൾ സർക്കാരിനെ എഴുതി അറിയിക്കാം. ഇതിനായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2016 ഒക്ടോബർ 31 തിങ്കളാഴ്ച്ച അർധരാത്രിയാണ്. ഇതിനു ശേഷം ലഭിക്കുന്ന ഒരു പ്രതികരണങ്ങളും പരിഗണിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പേരന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ഭൂരിഭാഗം പേർക്കും ജോലി ചെയ്യാനും വരുമാനമുണ്ടാക്കാനും സാധിക്കില്ലെന്നും, അതുകൊണ്ടു തന്നെ നികുതി അടയ്ക്കാൻ ഇവർക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രൊഡക്ടിവീറ്റി കമ്മിഷൻ സർക്കാരിന് ശുപാര്‍ശ സമർപ്പിച്ചത്.
ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്പു തന്നെ പ്രമുഖ പാർട്ടികളെല്ലാം ഇത്തരത്തിൽ ദീർഘകാല പേരൻറ് വിസ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

Source: Department of Immigration