എല്ലാ പ്രവാസിയുടെയും സ്വപ്നമാണ് നാട്ടിലുള്ള മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരിക എന്നത്. എന്നാൽ ഇതത്ര എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല. കാരണം മറ്റൊന്നുമല്ല, സമയവും പണവും തന്നെ.
ഇതിനായി ചിലവാക്കേണ്ട പണവും സമയവും കുറച്ചൊന്നുമല്ല. ഓസ്‌ട്രേലിയയിലേക്കുള്ള പേരന്റ വിസ അനുവദിച്ചു കിട്ടാൻ രണ്ടു വർഷത്തിനും 30 വർഷത്തിനും ഇടയിൽ സമയം ആവശ്യമാണ്.
എന്താണ് പേരന്റ് വിസ ?
വിദേശരാജ്യങ്ങളിൽ ഉള്ള മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ അപേക്ഷിക്കേണ്ട വിസയാണ് പേരന്റ വിസ. രണ്ട് തരം പേരന്റ വിസകളാണ് നിലവിലുള്ളത്. കോൺട്രിബ്യുട്ടറി പേരന്റ് വിസയും നോൺ കോൺട്രിബ്യുട്ടറി പേരന്റ് വിസയും.
കോൺട്രിബ്യുട്ടറി പേരന്റ് വിസ:
നോൺ കോൺട്രിബ്യുട്ടറി പേരന്റ് വിസയെ അപേക്ഷിച്ച് കോൺട്രിബ്യുട്ടറി പേരന്റ് വിസയാണ് എളുപ്പത്തിൽ ലഭിക്കുന്നത്.
സബ് ക്ലാസ് 143, 864 എന്ന ഗണത്തിൽപ്പെടുന്ന കോൺട്രിബ്യുട്ടറി വിസയാണ് പെർമനന്റ് അഥവാ സ്ഥിരമായി മാതാപിതാക്കളെ ഓസ്ട്രലിയയിലേക്കു കുടിയേറാൻ സാഹായിക്കുന്ന വിസ. എന്നാൽ, സബ് ക്ലാസ് 173, 884 എന്ന വിസ ഗണത്തിൽപ്പെടുന്ന പേരന്റ് വിസ, ടൂ ഇയർ ടെംപോററി അഥവാ താൽക്കാലികമായി രണ്ടു വർഷത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരാൻ അനുവദിക്കുന്ന വിസയാണ്. ഇവ എളുപ്പത്തിൽ ലഭിക്കാവുന്നതാണെങ്കിലും ചിലവ് അല്പം കൂടുതലാണ് .
ചെലവ് :
മാതാപിതാക്കളിൽ ഒരാൾക്ക് കോൺട്രിബ്യുട്ടറി പേരന്റ് വിസ ലഭിക്കാനായി ചിലവാക്കേണ്ടത് 47,000 ഡോളർ ആണ്. രണ്ടു വർഷം കൊണ്ട് ഈ വിസ അനുവദിച്ചു കിട്ടും. കൂടാതെ, സോഷ്യൽ സെക്യുരിറ്റി ബെനിഫിറ്റ് ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുകയും ചെയ്യും. മാത്രമല്ല ഈ വിസയിൽ എത്തുന്ന മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയൻ പൗരത്വമെടുക്കാനും സാധിക്കും.
ടൂ ഇയർ ടെംപററി വിസ :
സബ്ക്ലാസ്സ് 173, 884 എന്നെ വിസ ഗണത്തിൽപ്പെടുന്നതാണ് ടൂ ഇയർ ടെംപററി വിസ. റിട്ടയർ ചെയ്യാത്ത അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മാതാപിതാക്കൾക്കാണ് ഈ വിസയിൽ അപേക്ഷിക്കാൻ സാധിക്കുക. ഓസ്‌ട്രേലിയയിൽ രണ്ടു വർഷം വരെ തങ്ങാൻ ഈ വിസ ഇവരെ അനുവദിക്കുന്നുണ്ട്. മാത്രമല്ല, ഈ രണ്ടു വർഷത്തെ കാലയളവിൽ ഓസ്‌ട്രേലിയയിൽ മുഴുവൻ സമയവും ജോലി ചെയ്യാനും ഇവർക്ക് സാധിക്കും. ഇത് കൂടാതെ, മെഡികെയർ സേവനവും ഇവർക്ക് ലഭ്യമാണ്.
ചെലവ് :
ഈ വിസ ലഭിക്കാനുള്ള ചിലവ് 29, 130 ഡോളർ ആണ് .
നോൺ കോൺട്രിബ്യുട്ടറി പേരന്റ് വിസ :
ഈ വിസയിൽ ഉൾപ്പെടുന്നതാണ് പെര്മനെന്റ സബ് ക്ലാസ് 103, 804 എന്നീ വിസകൾ. ഇതാണ് പേരന്റ് വിസയിൽ ഏറ്റവും ചെലവ് കുറഞ്ഞ വിസ. എന്നാൽ ഏറ്റവും കാലതാമസവും ഈ വിസക്ക് തന്നെയാണ്. ഏതാണ്ട് 18 മുതൽ 30 വർഷം വരെയാണ് വിസ ലഭിക്കാൻ കാത്തിരിക്കേണ്ട സമയം.
പക്ഷെ ഇതിനിടയിൽ, അതായത് വിസക്ക് അപേക്ഷിക്കുന്ന സമയം മുതൽ വിസ അനുവദിക്കുന്ന സമയം വരെയുള്ള കാലയളവിൽ മാതാപിതാക്കൾക്ക് ബ്രിഡ്ജിങ് വിസയിൽ ഓസ്‌ട്രേലിയയിൽ തങ്ങാവുന്നതാണ്.
ചെലവ്:
നോൺ കോൺട്രിബ്യുട്ടറി പേരന്റ് വിസ ലഭിക്കാൻ താരതമ്യേന ചിലവ് വളരെ കുറവാണ്. മെയിൻ ആപ്ലിക്കന്റ് അഥവാ പ്രധാന അപേക്ഷകന് 3,900 ഡോളർ ആണ് ചിലവ്. കൂടാതെ അവരുടെ ഡിപൻഡന്റ് ആയി ഇവിടേയ്ക്ക് വരാൻ തയ്യാറെടുക്കുന്നയാൾക്കു 2000 ഡോളറും ചിലവ് വരും.
ഈ വിസക്ക് അപേക്ഷിക്കുമ്പോൾ കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമുണ്ട്. വിസക്ക് അപേക്ഷിക്കുന്ന സമയത്തും, ഇത് അനുവദിച്ചു കിട്ടുന്ന സമയത്തും ഓരോ ഹെൽത്ത് ടെസ്റ്റ് വീതം നടത്തണമെന്നത് നിര്ബന്ധമാണ്.
വിസക്ക് അപേക്ഷിക്കുന്ന സമയത്ത് ഈ ടെസ്റ്റ് പാസ്സായാലും, വർഷങ്ങൾക്കു ശേഷം വിസ അനുവദിക്കുന്ന സമയത്ത് ഇവർ ഈ ഹെൽത്ത് ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിസ അനുവദിച്ചു നൽകുകയില്ല.