കഴിഞ്ഞ ആഴ്ചയിൽ ഓസ്‌ട്രേലിയൻ പ്രൊഡക്ടിവിറ്റി കമ്മീഷൻ സര്‍ക്കാരിന് നല്‍കിയ റിപ്പോർട്ടിലാണ് പേരന്റ് വിസയുടെ ഫീസ് നിരക്ക് കൂട്ടൂന്ന കാര്യം പരാമർശിച്ചിരിക്കുന്നത്.
പേരന്റ് വിസയിൽ ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ഭൂരിഭാഗം പേരും വാര്ധക്യത്തിലെത്തിയവരാണ്. ഇവർക്ക് ഇവിടെ എത്തിയാൽ ജോലി ചെയ്യാനും, അത് വഴി വരുമാനം ലഭിക്കാനും സാധ്യതയില്ല. അതുകൊണ്ടു തന്നെ നികുതി അടയ്ക്കാനും ഇവർക്ക് കഴിയില്ല.
എന്നാൽ, സർക്കാരിന്റെ സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, ആരോഗ്യ മേഖലയും, എയ്‌ജ്ഡ് കെയർ സംവിധാനവും, സോഷ്യൽ സെക്യുരിറ്റി സിസ്റ്റവുമെല്ലാം ഇവർ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
ഇത് മൂലം പൊതുജനങ്ങൾക്കു മേൽ കൂടുതൽ നികുതി ഭാരം വരുന്നു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതാണ് പ്രധാനമായും ഫീസ് നിരക്ക് വർധിപ്പിക്കാനുള്ള കാരണമായി പറയുന്നതും.
മാത്രമല്ല, നോൺ കോൺട്രിബ്യുട്ടറി പേരന്റ് വിസ കർശനമാക്കാനും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. അതായത്, ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത് തക്കതായ കാരണം കൊണ്ടാണെങ്കിൽ മാത്രമേ വിസ അനുവദിച്ചു നൽകാവൂ എന്നാണ് ശുപാർശ .
നിലവിൽ കോൺട്രിബ്യുട്ടറി വിസക്ക് $47000 ആണ് ചെലവ്. എന്നാൽ, കമ്മീഷന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, 2015-16 കാലഘട്ടത്തിൽ ഓസ്‌ട്രേലിയയിലേക്ക് പേരന്റ് വിസയിൽ കുടിയേറിയ മാതാപിതാക്കൾക്ക് ഏതാണ്ട് $335,000 മുതൽ $410,000 വരെയാണ് ഒരാൾക്ക് ചെലവായിട്ടുള്ളത്.
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ വര്ഷം ഫെഡറൽ സർക്കാർ പ്രൊഡക്ടിവിറ്റി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് കമ്മീഷൻ ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.