സ്‌കൂള്‍ അവധിക്കാലം ആഘോഷിക്കാന്‍ മെല്‍ബണില്‍ നിന്നും കേരളത്തിലേക്ക് പോയതായിരുന്നു അംഗദ് പ്രതാപും കുടുംബവും.
പക്ഷേ, അവധിക്കാലം പകുതിവഴിക്കവസാനിപ്പിച്ച് മെല്‍ബണിലേക്ക് മടങ്ങേണ്ടി വന്നു ഇവര്‍ക്ക്. വെറുതേയായിരുന്നില്ല ആ മടക്കം. ഓസ്‌ട്രേലയിന്‍ ഓപ്പണ്‍ ടെന്നിസില്‍ ഒരു മത്സരത്തിന് ടോസ് ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞാണ് അംഗദും കുടുംബവും അവധി വെട്ടിച്ചുരുക്കിയത്.
ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തോടനുബന്ധിച്ച് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ടെന്നീസ് ഓസ്ട്രേലിയ നടത്തിയ സൂപ്പർ ടെൻ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഈ അവസരം ലഭിച്ചതെന്ന് അംഗദിന്റെ അച്ഛൻ പ്രതാപൻ നായർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ദേശീയ തലത്തിൽ നടത്തുന്ന ഈ മത്സരത്തിൽ 32 കുട്ടികളെ എട്ടു ടീമുകളായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു അംഗദ്.
നാല് വർഷമായി ടെന്നീസ് പഠിക്കുകയാണ് അംഗദ്.
ഈ അവസരം ലഭിച്ചെന്ന് അറിഞ്ഞപ്പോൾ സന്തോഷവും ഒപ്പം ഉള്ളിൽ പേടിയും തോന്നിയെന്ന് അംഗദ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ക്രോയേഷ്യൻ താരം ബോണ കൊറിക്കും ഫ്രഞ്ച് കളിക്കാരൻ ലൂക്കാസ് പൂയിയും തമ്മിൽ ജനുവരി 21 നു നടന്ന മത്സരത്തിലാണ് അംഗദിന് ടോസ് ചെയ്യാൻ അവസരം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററുടെ മത്സരത്തില്‍ ടോസ് ചെയ്യാനും ഒരു മലയാളി ബാലന് അവസരം ലഭിച്ചിരുന്നു.
സ്വപ്‌നം പ്രൊഫഷണല്‍ ടെന്നീസ്
സഹോദരൻ ടെന്നീസ് കളിക്കുന്നത് കണ്ടപ്പോൾ മുതൽ ഈ കളിയെ പ്രണയിച്ചു തുടങ്ങിയതാണ് അംഗദ്.
റോജർ ഫെഡറർ തന്നെയാണ് അംഗദ് ഇഷ്ടപ്പെടുന്ന ടെന്നീസ് താരം. ഒരു പ്രൊഫഷണൽ ടെന്നീസ് താരമായി ഗ്രാൻഡ് സ്ലാമുകൾ സ്വന്തമാക്കി മുൻനിര കളിക്കാരിൽ ഒരാളായി മാറണമെന്ന ആഗ്രഹവും അംഗദ് പങ്കുവച്ചു.
മകന്റെ വളച്ചയിൽ എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകാൻ ശ്രമിക്കുകയാണ് അച്ഛൻ പ്രതാപൻ നായരും അമ്മ ഡോ മിനി രവീന്ദ്രനും.