വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് 49 പേർ കൊല്ലപ്പെട്ടു. 20 ൽ പരം ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഇതിനു പുറമെ നിരവധി പേരെ കാണാതായിട്ടുമുണ്ട്. കാണാതായവരുടെ പേരുകൾ അടങ്ങിയ പട്ടിക പൊലീസ് പുറത്തുവിട്ടു. ഇതിലാണ് മലയാളിയായ അൻസി കരിപ്പക്കുളം അലിബാവയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
ഇക്കാര്യം ന്യൂസിലാന്റിലുള്ള മലയാളികളും എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ ന്യൂസിലാന്റിൽ എത്തിയതാണ് അൻസി.
ഇവിടുത്തെ ലിങ്കൺ സർവകലാശാലയിൽ അഗ്രികൾച്ചറൽ മാനേജ്‌മന്റ് ആൻഡ് പ്രോപ്പർട്ടി സ്റ്റഡീസ് വിഭാഗത്തിൽ വിദ്യാർത്ഥിനിയാണ്. അൻസിയുടെ ഭർത്താവും ന്യൂസിലാന്റിൽ ഉണ്ട്.
അൻസിയെ ഡീൻസ് അവന്യുവിലാണ് അവസാനമായി കണ്ടത്. ആക്രമണം നടക്കുന്ന സമയത്ത് അൻസി പള്ളിയിൽ ഉണ്ടായിരുരുന്നുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
മസ്ജിത് അൽ നൂർ പള്ളിയിലും, ലിൻവുഡ് മസ്ജിദിലും വെള്ളിയാഴ്ച നമസ്കാരത്തിനായി ഉണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് എട്ടു ഇന്ത്യൻ വംശജരെയെങ്കിലും കാണാതായിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.