വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ കുറഞ്ഞത് 49 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മസ്ജിത് അൽ നൂർ പള്ളിയിലും, ലിൻവുഡ് മസ്ജിദിലുമാണ് വെള്ളിയാഴ്ച നമസ്കാരത്തിനായി നൂറുകണക്കിന് പേർ തടിച്ചുകൂടിയിരുന്ന സമയത്ത് വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടതിൽ ഇന്ത്യൻ വംശജരും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ രണ്ട് ഇന്ത്യൻ പൗരൻമാരും, ഇന്ത്യൻ വംശജരായ മറ്റു നാലു പേരും ആക്രമണത്തിന് ഇരയായി എന്നാണ് ന്യൂസിലന്റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജീവ് കോഹ്ലിയെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇക്കാര്യം പൂർണമായും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾക്കും സ്ഥിരീകരണത്തിനുമായി എസ് ബി എസ് മലയാളം ന്യൂസിലന്റിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
മുപ്പതിനായിരത്തോളം ഇന്ത്യൻ പൗരൻമാരും, ഒട്ടേറെ ഇന്ത്യൻ വംശജരായ ന്യൂസിലന്റ് പൗരൻമാരും ജീവിക്കുന്ന പ്രദേശമാണ് ക്രൈസ്റ്റ് ചർച്ച്. നിരവധി മലയാളികളും ക്രൈസ്റ്റ് ചർച്ചിലുണ്ട്.
ഹൈദരാബാദിൽ നിന്നുള്ള അഹ്മദ് ജഹാംഗീർ എന്നയാൾക്ക് വെടിയേറ്റതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ന്യൂസിലന്റിലേക്ക്പോകാൻ സഹായം ആവശ്യപ്പെട്ട് അഹ്മദ് ജഹാംഗീറിന്റെ സഹോദരൻ ഇഖ്ബാൽ ഇന്ത്യൻ സർക്കാരിനെ സമീപിച്ചു.

Ambulance staff take a man from outside a mosque in central Christchurch, New Zealand Source: AP
ഹൈദരാബാദ് എം പി അസൗദിൻ ഒവൈസിയും കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു.
ആക്രമണത്തിനു ശേഷം കാണാതായവരുടെ പട്ടിക ന്യൂസിലന്റ് പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലും നിരവധി ഇന്ത്യാക്കാരുടെ പേരുകളുണ്ട്. പട്ടികയിലുള്ള പലരും സുരക്ഷിതരാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ആക്രമണത്തിനു ശേഷം ന്യൂസിലന്റിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് കൂടുതൽ പരിശോധനകൾ നടത്തി.

Source: Courtesy of New Zealand police website
പള്ളികളിൽ ആക്രമണം നടത്തിയതിൽ ഒരു ഓസ്ട്രേലിയക്കാരനും ഉൾപ്പെടുന്നുണ്ട്. ഫേസ്ബുക്കിൽ ലൈവ് വീഡിയോ സ്ട്രീമിംഗ് നൽകിയാണ് ഇയാൾ ആക്രമണം നടത്തിയത്.
ബ്രെന്റൻ ടാറന്റ് എന്ന ഈ 28കാരനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.