സാമൂഹ്യസേവനരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന 29 വയസ്സും അതിൽ താഴെയും പ്രായമായവർക്കായി അവാർഡ്സ് ഓസ്ട്രേലിയ നൽകുന്ന അവാർഡാണ് യംഗ് അച്ചീവർ അവാർഡ്.
മികച്ച നേതൃത്ത്വത്തിലൂടെ സമൂഹത്തിൽ നല്ലരീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനാണ് അരുണിനെ ഈ അവാർഡിനായി തെരഞ്ഞെടുത്തത്.
വിക്ടോറിയയിൽ ഈ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളികൂടിയാണ് അരുൺ.
ആദിമവർഗ്ഗക്കാർക്കും ടോറസ് സ്ട്രെയ്റ് ഐലൻഡിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ലീഡർഷിപ് സ്കോളർഷിപ്പ് ഏർപ്പെടുത്തുകന്നതിൽ അരുൺ നല്ലൊരു പങ്ക് വഹിച്ചിരുന്നു.
സ്റ്റോൾ റീജിയണൽ ഹെൽത്തിൽ ബോർഡ് മെമ്പർ ആയിരിക്കെ തന്ത്രപ്രധാനമായ നേതൃത്ത്വത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാൻ അരുണിന് കഴിഞ്ഞു.
സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ താൻ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തന്റെ മാർഗ്ഗദർശിയും വിമെറ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മുൻ സി ഏ ഒ യുമായ ക്രിസ് സ്കോട്ട് ആണ് ഈ പുരസ്‌കാരത്തിന് തന്നെ നോമിനേറ്റ് ചെയ്തതെന്ന് അരുൺ തോമസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ നൽകുന്ന ഈ അവാർഡിന്റെ ഈ വർഷത്തെ മുഖ്യ സ്പോൺസർ സെവൻ ന്യൂസ് ആയിരുന്നു.
മെയ് 10 ന് മെൽബണിലെ ഫ്ലെമിംഗ്ടൺ റേസ്‌കോഴ്സിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് വിക്ടോറിയൻ പ്രീമിയരുടെ പാർലമെന്ററി സെക്രട്ടറി ഡാനി പിയേഴ്സണിൽ നിന്നും അരുൺ തോമസ് അവാർഡ് ഏറ്റുവാങ്ങി.
കൂടാതെ അരുൺ നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് റോയൽ ഫ്ലയിംഗ് ഡോക്ടർ സർവീസിന്റെ ഈ വർഷത്തെ വിക്ടോറിയ റീജിയണൽ ആൻഡ് റൂറൽ ഹെൽത്ത് അചീവേഴ്സ് അവാർഡും അരുൺ സ്വന്തമാക്കി.
വിക്ടോറിയയിലെ ഹോർഷത്ത് താമസിക്കുന്ന അരുൺ ഏദൻഹോപ് ഡിസ്ട്രിക്ട് മെമ്മോറിയൽ ആശുപതിയിൽ റജിസ്റ്റേർഡ് നഴ്‌സാണ്.

Arun receiving Royal Flying Doctor Service Victoria Regional and Rural Health Achievers Award from Deputy Chair RFDS - Robyn Lardner Source: Supplied
ഇതിനൊക്കെ പുറമെ നോവ 100 റേഡിയോ സംഘടിപ്പിച്ച പീപ്പിൾ ചോയ്സ് അവാർഡ് ജേതാവ് കൂടിയാണ് അരുൺ.
അരുണിന്റെ മികച്ച നേതൃത്വം കണക്കിലെടുത്ത് വിക്ടോറിയൻ ഹെൽത്‌കെയർ അസോസിയേഷൻ ഏർപ്പെടുത്തിയ എക്സലൻസ് ഇൻ ലീഡർഷിപ്പ് അവാർഡിന്റെ ഫൈനൽ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട് ഈ 29 കാരൻ.

Arun Thomas receiving NOVA 100 People's Choice Award from Ashleigh Gardner, Nova Entertainment Source: Supplied
വളരെ യാദൃശ്ചികമായാണ് ഈ പുരസ്കാരം തനിക്ക് ലഭിച്ചതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും അനുഗ്രഹീതവുമായ മുഹൂർത്തമാണ് ഇതെന്നും അരുൺ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
എട്ട് വര്ഷം അഡ്‌ലൈഡിലായിരുന്ന അരുൺ 2016ൽ സൗത്ത് ഓസ്ട്രേലിയയിൽ ചാനൽ നയൻറെ യംഗ് അച്ചീവർ അവാർഡിൻറെ ഫൈനൽ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇതേ വര്ഷം സംഘടിപ്പിച്ച പീപ്പിൾ ചോയ്സ് അവാർഡും അരുണിനാണ് ലഭിച്ചത്. യൂണിവേഴ്സിറ്റി ഓഫ് സൌത്ത് ഓസ്ട്രേലിയുടെ മുൻ സ്റ്റുഡൻറ് യൂണിയൻ പ്രസിഡൻറ് കൂടിയാണ് അരുൺ തോമസ്.