ഓസ്ട്രേലിയയിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ നിർത്തിവച്ചു; കൂടുതൽ ചാർട്ടർ സർവീസുകൾ ഏർപ്പെടുത്തുമെന്ന് സർക്കാർ

മൂന്ന് പ്രധാന ഓസ്ട്രേലിയൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്സ് തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരെ തിരികെ കൊണ്ടുവരാൻ 20 അധിക ചാർട്ടർ വിമാനങ്ങൾ കൂടി ഏർപ്പെടുത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

Emirates will resume flights to Australia next week.

Emirates will resume flights to Australia next week. Source: AAP

ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ വിദേശത്തു കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേർ എമിറേറ്റ്സ് വിമാനങ്ങളെ ആശ്രയിക്കുന്നതിനിടെയാണ്, മൂന്നു നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നുവെന്ന് വിമാനക്കമ്പനി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

സിഡ്നി, മെൽബൺ, ബ്രിസ്ബൈൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് തീരുമാനം.

ശനിയാഴ്ചത്തെ ദുബൈ-ബ്രിസ്ബൈൻ സർവീസാകും ബ്രിസ്ബൈനിലേക്കുള്ള അവസാന എമിറേറ്റ്സ് സർവീസ്.

സിഡ്നിയിലേക്കും മെൽബണിലേക്കും ചൊവ്വാഴ്ച വരെ സർവീസ് നടത്തും. അതിനു ശേഷം ഈ നഗരങ്ങളിലേക്കും എമിറേറ്റ്സ് വിമാനങ്ങൾ ഉണ്ടാകില്ല.

ഇതോടെ, ആഴ്ചയിൽ രണ്ടു തവണയുള്ള ദുബൈ-പെർത്ത് സർവീസ് മാത്രമാകും ഓസ്ട്രേലിയയിലേക്ക് എമിറേറ്റ്സ് തുടരുന്നത്.

സിഡ്നിയിലേക്കും മെൽബണിലേക്കും ദൈനംദിന സർവീസുകളും, ബ്രിസ്ബൈനിലേക്ക് ആഴ്ചയിൽ അഞ്ചു സർവീസുകളുമാണ് എമിറേറ്റ്സ് നടത്തിയിരുന്നത്.

എമിറേറ്റ്സിന്റെ അവസാന സർവീസുകൾ ഇവയാണ്:

- Dubai-Brisbane (EK430), 16 January
- Brisbane-Dubai (EK431), 17 January
- Dubai-Sydney (EK414), 18 January
- Sydney-Dubai (EK415), 19 January
- Dubai-Melbourne (EK408), 19 January
- Melbourne-Dubai (EK409), 20 January

ഓപ്പറേഷണൽ അസൗകര്യങ്ങൾ മൂലമാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. എന്നാൽ എന്താണ് ഈ അസൗകര്യമെന്ന് വ്യക്തമല്ല.

എമിറേറ്റ്സ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ കമ്പനിയെയോ ട്രാവർ ഏജന്റിനെയോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.
അതിവേഗം പടരുന്ന യു കെ സ്ട്രെയ്ൻ കൊറോണവൈറസ് ബ്രിസ്ബൈനിൽ സ്ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം കഴിഞ്ഞയാഴ്ച സർക്കാർ വെട്ടിക്കുറച്ചിരുന്നു.

നിലവിലുണ്ടായിരുന്നതിന്റെ പകുതിയായാണ് ഈ പരിധി വെട്ടിക്കുറച്ചത്.
വിമാനയാത്ര തുടങ്ങും മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം സ്ഥിരീകരിക്കണമെന്ന പുതിയ വ്യവസ്ഥയും സർക്കാർ കൊണ്ടുവന്നു.

ഈ മാറ്റങ്ങൾ നിലവിൽ വന്നതിനു പിന്നാലെയാണ് എമിറേറ്റ്സിന്റെ പ്രഖ്യാപനം.

കൂടുതൽ ചാർട്ടർ വിമാനങ്ങൾ

ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്ത 40,000 ഓളം പേരാണ് ഇപ്പോഴും വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ ഓസ്ട്രേലിയൻ അതിർത്തികൾ അടച്ച ശേഷം നാലര ലക്ഷത്തോളം ഓസ്ട്രേലിയക്കാർ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ധനമന്ത്രി സൈമൺ ബർമിംഗ്ഹാം പറഞ്ഞു.

90 വിമാനങ്ങൾ ഫെഡറൽ സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ക്വാണ്ടസിന്റെ ചാർട്ടർ വിമാനങ്ങൾ ഫെഡറൽ സർക്കാർ ഏർപ്പെടുത്തുന്നുണ്ട്.

എമിറേറ്റ്സ് സർവീസ് നിർത്തിയ സാഹചര്യത്തിൽ അടുത്ത മാസങ്ങളിലായി 20 അധിക ചാർട്ടർ വിമാനങ്ങൾ കൂടി ഏർപ്പെടുത്തുമെന്ന് ബർമിംഗ്ഹാം അറിയിച്ചു.

ഒരു വർഷത്തിലേറെയായി വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഓസ്ട്രേലിയക്കാരാണ് ഉള്ളത്.

ജോലി നഷ്ടമായതും, കുടുംബാംഗങ്ങളുമായി വേർപിരിഞ്ഞ് കഴിയുന്നതുമായ നിരവധി പേരാണ് ഇക്കൂട്ടതിലുള്ളത്.


Share

Published

By Deeju Sivadas
Source: SBS News

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service