ഡൽഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് പോയതാണ് സുനിൽ ഖന്ന. പടിഞ്ഞാറൻ സിഡ്നി സ്വദേശിയായ ഇദ്ദേഹം ഓസ്‌ട്രേലിയൻ പൗരനാണ്.
കൊവിഡ് ബാധിച്ച് ഇന്ത്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 51 കാരനായ സുനിൽ, ഏപ്രിൽ 29 നാണ് മരണമടഞ്ഞത്.
ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനാണ് സുനിൽ ഖന്ന.
സുനിൽ മരിച്ച് 24 മണിക്കൂറിനുള്ളിൽ സുനിലിന്റെ വൈറസ് ബാധിതയായ, 83 വയസുള്ള അമ്മയും മരണമടഞ്ഞു.
ഇദ്ദേഹത്തിന്റെ അച്ഛനും കൊവിഡ് ബാച്ചിരുന്നു. എന്നാൽ ഇദ്ദേഹം കൊവിഡ് നെഗറ്റീവ് ആയെന്നും, 83 കാരനായ ഇദ്ദേഹത്തെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും സുനിലിന്റെ സഹോദരൻ സഞ്ജയ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
ഇതിനായി ഓസ്‌ട്രേലിയൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് സഞ്ജയ്.
കുടുംബത്തിൽ ആകെ അവശേഷിക്കുന്നത് തന്റെ അച്ഛൻ മാത്രമാണെന്നും, ഇന്ത്യൻ പൗരനായ ഇദ്ദേഹത്തെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്നും സഞ്ജയ് അഭ്യർത്ഥിച്ചു.

Sunil Khanna's brother, Sanjay, is urging the Australian government to allow his father who has recovered from COVID-19 in India to come to Australia. Source: SBS News
മാതാപിതാക്കളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയിലായിരുന്നു സുനിൽ. ഇതിനായി ഇവർക്ക് പുതിയ പാസ്‌പോർട്ടും എടുത്തിരുന്നു. എന്നാൽ, ഇന്ത്യയിലെ കൊവിഡ് സാഹചര്യം മോശമായതോടെ പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടി വന്നുവെന്നും സഞ്ജയ് പറഞ്ഞു.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും എസ് ബി എസ് തേടിയിട്ടുണ്ട്.
മറ്റൊരു സിഡ്നി സ്വദേശിയായ 47കാരനായ ഗോവിന്ദ് കാന്ത് കഴിഞ്ഞ ദിവസം ഡൽഹിയിൽ മരണമടഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി മൂന്നാം ദിവസം, കൊവിഡ് ബാധയെത്തുടർന്ന് 59കാരനായ സിഡ്നി സ്വദേശിയും ഇന്ത്യയിൽ മരിച്ചിരുന്നു.
രണ്ടാഴ്ച നീണ്ട വിലക്ക് മെയ് 15ന് അവസാനിക്കുകയും ഇന്ത്യയിൽ കുടുങ്ങിക്കിടന്ന കുറച്ചുപേരെ തിരിച്ചെത്തിക്കുകയും ചെയ്തു.
എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ചിലർ കൊവിഡ് പോസിറ്റീവ് ആയതോടെ പകുതിയോളം പേരെ കയറ്റാതെയാണ് വിമാനം തിരിച്ചെത്തിയത്.
ഏതാണ്ട് 9,000 ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.