ആഴ്ചകള്‍ നീണ്ട സംവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ പാസായി.
119 വര്‍ഷം പഴക്കമുള്ള NSW കുറ്റകൃത്യ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്ന ബില്ലാണ് സംസ്ഥാന പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായത്. നിരവധി ഭേദഗതികളോടെയാണ് റീപ്രൊഡക്ടീവ് ഹെല്‍ത്ത് കെയര്‍ റിഫോം ബില്‍ സഭ പാസാക്കിയത്.
40 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്ക്കു ശേഷം പാര്‍ലമെന്റിന്റെ ഉപരിസഭ ബുധനാഴ്ച രാത്രി ബില്‍ പാസാക്കിയിരുന്നു.
തുടര്‍ന്ന് ഉപരിസഭയില്‍ പാസായ ഭേദഗതികളോടെ ഇന്നു രാവിലെ ജനപ്രതിനിധി സഭയില്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പില്ലാതെ തന്നെ ഇത് പാസാവുകയായിരുന്നു.
സ്വതന്ത്ര എം പി അലക്സ് ഗ്രീന്‍വിച്ച് അവതരിപ്പിച്ച സ്വകാര്യ ബില്ലാണ് സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഈ നിയമത്തിന് വഴിതുറന്നത്. പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്.

NSW Independent MP Alex Greenwich. Source: AAP
ഇതിന് സഹായിച്ച എല്ലാവര്‍ക്കും അലക്‌സ് ഗ്രീന്‍വിച്ച് നന്ദി പറഞ്ഞു.
പ്രധാന വ്യവസ്ഥകള്‍ ഇവ
ഗര്‍ഭസ്ഥാവസ്ഥയുട ആദ്യ 22 ആഴ്ച വരെ ഒരു രജിസ്‌ട്രേഡ് ഡോക്ടര്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
22 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ രണ്ടു ഡോക്ടര്‍മാര്‍ പരിശോധിച്ച് അനുമതി നല്‍കണം.
22 ആഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ആശുപത്രി ഉപദേശക സമിതിയുടെയോ, വിദഗ്ധ സംഘത്തിന്റെയോ ഉപദേശം തേടാം എന്നതാണ് ബില്ലില്‍ വന്നിരിക്കുന്ന പ്രധാന ഭേദഗതികളിലൊന്ന്.
ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ച ശേഷവും കുട്ടി ജനിക്കുകയാണെങ്കില്‍, ആ കുട്ടിക്ക് മതിയായ പരിചരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന ഭേദഗതിയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഏറെ വിവാദമുണ്ടാക്കിയ മറ്റൊരു ഭേദഗതി സഭ വോട്ടിനിട്ട് തള്ളിയിരുന്നു. ലിംഗനിര്‍ണ്ണയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കരുത് എന്നായിരുന്നു ഈ ഭേദഗതി.
ഇന്ത്യന്‍ സമൂഹത്തില്‍ ഉള്‍പ്പെടെ പെണ്‍ഭൂണഹത്യയ്ക്ക് കാരണമാകും എന്നായിരുന്നു ബില്ലിനെ എതിര്‍ത്തവര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഇത് വംശീയ അധിക്ഷേപമാണ് എന്ന മറുവാദവും ഉയര്‍ന്നിരുന്നു.

Protestors are seen holding placards at an anti-abortion rally on Saturday. Source: AAP
ഈ ഭേദഗതി പാര്‍ലമെന്റിന്റെ ഉപരിസഭ വോട്ടിനിട്ട് തള്ളുകയായിരുന്നു.
ഇതുവരെയും ഗര്‍ഭച്ഛിദ്രം സംസ്ഥാനത്ത് ക്രിമിനല്‍ കുറ്റമായിരുന്നെങ്കിലും, ഗര്‍ഭം തുടരുന്നത് അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടാല്‍ അത് അലസിപ്പിക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ പുതിയ നിയമം വന്നതോടെ ഈ കാരണമില്ലെങ്കില്‍ പോലും ഗര്‍ഭം അലസിപ്പിക്കാന്‍ കഴിയും.
ഉപരിസഭയില്‍ 40 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ നൂറിലേറെ ഭേദഗതികളാണ് മുന്നോട്ടു വന്നത്. സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ചര്‍ച്ചയുമായി ഇത്.
നിയമം വരുന്നത് പ്രതിഷേധങ്ങള്‍ക്കിടെ
ന്യൂ സൗത്ത് വെയില്‍സ് പ്രീമയിര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്റെ സ്ഥാനത്തിനു തന്നെ ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ബില്ലാണ് ഇത്.
ബില്ലുമായി മുന്നോട്ടുപോയാല്‍ പ്രീമിയറെ മാറ്റണം എന്ന് ലിബറല്‍ പാര്‍ട്ടിയിലെ എം പിമാര്‍ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഭേദഗതികള്‍ക്ക് സര്‍ക്കാര#് സമ്മതിച്ചതോടെ അവര്‍ ഈ ആവശ്യം പിന്‍വലിച്ചു.
മുന്‍ പ്രധാനമന്ത്രി ടോണി ആബറ്റും, മുന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്‌സും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി ബില്ലിനെതിരെ രംഗത്തിറങ്ങുകയും ചെയ്തു.
ആയിരക്കണക്കിന് പേരാണ് ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും സിഡ്‌നിയില്‍ റാലികള്‍ നടത്തിയത്.
നൂറിലേറെ മലയാളികളും ബില്ലിനെ എതിര്‍ത്തു നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു.