പൊതു പരിപാടികളും സ്വകാര്യ പരിപാടികളും തുടങ്ങുന്നതിന് മുമ്പ്, അത് നടക്കുന്ന പ്രദേശത്തെ ആദിമവര്‍ഗ്ഗ ഉടമകളെ സ്മരിക്കുന്നതാണ് അക്‌നോളഡ്ജ്‌മെന്റ് ഓഫ് കണ്‍ട്രി.
എസ് ബി എസ് ഓഡിയോയിലെ പരിപാടികളെല്ലാം അതാത് ഭാഷകളില്‍ അക്‌നോളഡ്ജ്‌മെന്റ് ഓഫ് കണ്‍ട്രി അവതരിപ്പിച്ചുകൊണ്ടാണ് പ്രക്ഷേപണം തുടങ്ങുന്നത്.
ആദിമവര്‍ഗ്ഗക്കാര്‍ക്കും, ടോറസ് സ്‌ട്രൈറ്റ് ദ്വീപുവാസികള്‍ക്കും ഈ മണ്ണിനോടുള്ള ബന്ധം അംഗീകരിക്കുന്നതിനും, അവരിലെ മുതിര്‍ന്നവരോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനുമാണ് ഇത്.
പരമാധികാരം ഒരിക്കലും അടിയറവ് വയ്ക്കാത്ത ഒരു ദേശമാണ് ഓസ്‌ട്രേലിയ എന്ന് അംഗീകരിക്കാന്‍ കൂടിയുള്ള ഒരു മാര്‍ഗ്ഗമാണ് ഇത്.
അക്‌നോളഡ്ജ്‌മെന്റ് ഓഫ് കണ്‍ട്രി അവതരിപ്പിക്കുന്നതില്‍ പ്രത്യേക ചട്ടക്കൂടുകളോ നിയന്ത്രണങ്ങളോ ഒന്നുമില്ല. ആര്‍ക്കു വേണമെങ്കിലും അത് അവതരിപ്പിക്കാനും കഴിയും.
എന്നാല്‍, വെല്‍ക്കം ടു കണ്‍ട്രി എന്ന ആദിമവര്‍ഗ്ഗ ചടങ്ങ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു പ്രദേശത്തിന്റെ പരമ്പരാഗത ഉടമകള്‍ക്കോ, അവരുടെ അനുവാദം ലഭിച്ച മറ്റ് ആദിമവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ മാത്രമേ വെല്‍ക്കം ടു കണ്‍ട്രി നടത്താന്‍ കഴിയൂ.
അക്‌നോളഡ്ജ്‌മെന്റ് ഓഫ് കണ്‍ട്രിയുടെ ഒരു ഉദാഹരണം ഇങ്ങനെയാണ്:
ഈ മണ്ണിന്റെയും, ആകാശത്തിന്റെയും, ജലാശയങ്ങളുടെയും പരമ്പരാഗത ഉടമകളെ ഞങ്ങള്‍ സ്മരിക്കുന്നു. അവരിലെ മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ എല്ലാ മുതിര്‍ന്നവര്‍ക്കും ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു
ലോകത്തില്‍ ഇപ്പോഴുള്ള ഏറ്റവും പ്രായമേറിയ സംസ്‌കാരത്തിനും ഞങ്ങളുടെ ആദരവ്.
നിങ്ങളുടെ പ്രദേശത്തിന്റെ പരമ്പരാഗത ഉടമകള്‍ ആരാണ് എന്ന കാര്യം പ്രാദേശിക കൗണ്‍സിലിന്റെയോ, സംസ്ഥാന-ടെറിട്ടറി സര്‍ക്കാരിന്റെയോ വെബ്‌സൈറ്റില്‍ നിന്ന് അറിയാം. അല്ലെങ്കില്‍ ആദിമവര്‍ഗ്ഗ സ്ഥാപനങ്ങളില്‍ നിന്നും അത് മനസിലാക്കാം.