വിനോദത്തിനായി കഞ്ചാവ് കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവദിക്കുന്ന നിയമമാണ് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ വരുന്നത്.
ലേബര്‍ അംഗം മൈക്കല്‍ പെറ്റേഴ്‌സന്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ ടെറിട്ടറി അസംബ്ലിയില്‍ പാസാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ബില്‍ പാസാകണമെങ്കില്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണ കൂടി ലേബറിന് വേണം.
ഉപാധികളോടെ പിന്തുണ നല്‍കും എന്നാണ് ഗ്രീന്‍സ് പാര്‍ട്ടി വ്യക്തമാക്കിയത്.
18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനായിരിക്കും നിയമം അനുവാദം നല്‍കുക. വീട്ടില്‍ നാല് കഞ്ചാവു ചെടികള്‍ വളര്‍ത്താനും കഴിയും.
ലഹരിമരുന്ന് ഉപയോഗത്തെ ആരോഗ്യപ്രശ്‌നമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, 'തെറ്റും ശരിയും' എന്ന രീതിയില്‍ അതിനെ കാണാന്‍ കഴിയില്ലെന്നും ടെറിട്ടറി അറ്റോര്‍ണി ജനറല്‍ ഗോര്‍ഡന്‍ റാംസേ അസംബ്ലിയില്‍ പറഞ്ഞു.

Em Camberra, moradores podem portar até 50g de maconha Source: AAP
കഞ്ചാവ് ഉപയോഗം സംബന്ധിച്ച ഫെഡറല്‍ നിയമത്തിന് വിരുദ്ധമാണ് ഈ പുതിയ ബില്ലെങ്കിലും, ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നു വര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ ഈ നിയമം പുനപരിശോധിക്കും.
അതേസമയം, ബില്‍ പാസായാലും ഉടന്‍ തന്നെ തലസ്ഥാനവാസികള്‍ക്ക് കഞ്ചാവ് കൈവശം വയ്ക്കാന്‍ കഴിയില്ല. ടെറിട്ടറി ആരോഗ്യമന്ത്രി കൂടി ഒപ്പുവച്ചാലേ നിയമം പ്രാബല്യത്തില്‍ വരൂ.
ചില ഭേദഗതികളോടെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ലഭ്യമാകാത്ത രീതിയില്‍ വേണം കഞ്ചാവ് സൂക്ഷിക്കാന്‍
കുട്ടികളുടെ സമീപത്ത് വച്ച് ഇത് ഉപയോഗിക്കാനോ, പൊതുതോട്ടങ്ങളില്‍ കഞ്ചാവു ചെടി വളര്‍ത്താനോ പാടില്ല.
എതിര്‍പ്പുമായി ലിബറല്‍
ബില്ലിനെ ലിബറല്‍ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് ACT ഷാഡോ അറ്റോര്‍ണി ജനറല്‍ ജെറമി ഹാന്‍സന്‍ വ്യക്തമാക്കി.
കൂടുതല്‍ പേരെ ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാകും ഈ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാനസിക പ്രശ്‌നങ്ങള്‍ കൂടാന്‍ അതു കാരണമാകുമെന്നും, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് കൂടുമെന്നും ജെറമി ഹാന്‍സന്‍ പറഞ്ഞു.
മാത്രമല്ല, ഫെഡറല്‍ നിയമത്തിന് വിരുദ്ധമായതിനാല്‍ പരിശോധന നടത്തുന്ന പൊലീസിന് ആശയക്കുഴപ്പങ്ങളുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ ബില്‍ ടെറിട്ടറി സര്ക്കാരിന്റെ വിഷയമാണെന്നും, എന്നാല്‍ കോമണ്‍വെല്‍ത്ത് നിയമങ്ങള്‍ നിലനില്‍ക്കുമെന്നും ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റിയന്‍ പോര്‍ട്ടര്‍ പറഞ്ഞു.
ലഹരി ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനോടു യോജിക്കുന്നില്ല എന്നാണ് ഫെഡറല്‍ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടിന്റെ വക്താവ് വ്യക്തമാക്കിയത്.
Share


