കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ നല്‍കി വഞ്ചിച്ചു എന്ന കുറ്റങ്ങളാണ് മലയാളി ബില്‍ഡര്‍ ബിജു ജോസഫ് കാവില്‍പ്പുരയിടം നിഷേധിച്ചത്.
ബിജുവിന്റെ ഉടമസ്ഥതയില്‍ ഫെറിഡന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഫെന്‍ബ്രീസ് ഹോംസ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്.
സൗത്ത് ഓസ്‌ട്രേലിയ കണ്‍സ്യൂമര്‍ ആന്റ് ബിസിനസ് സര്‍വീസ് (CBS) 2017 ഒക്ടോബറില്‍ ബിജുവിന്റെ ബില്‍ഡര്‍ ലൈസന്‍സ് റദ്ദാക്കിയിരുന്നു.
ഫെൻബ്രീസ് ഹോംസ് ഉപഭോക്താക്കൾക്ക് വ്യാജ ഇൻഡെംനിറ്റി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയതായും പൊലീസ് ആരോപിക്കുന്നു.
ഇത് മൂലം നിരവധി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പാതിവഴിൽ ഉപേക്ഷിക്കപ്പെട്ടതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
മാത്രമല്ല, വ്യാജ ഇൻഡെംനിറ്റി സർട്ടിഫിക്കറ്റ് നൽകിയിരുന്നതിനാൽ ഉപഭോക്താക്കൾക്ക് നിർമ്മാണം പൂർത്തിയാക്കത്തിന്റെ പേരിൽ പണം തിരികെ ആവശ്യപ്പെടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് വ്യാജ രേഖകൾ നൽകിയെന്നാരോപിച്ച് 30 കേസുകളാണ് ബിജുവിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
തനിക്കെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും ബിജു കോടതിയിൽ നിഷേധിച്ചു.
20,000 ഡോളർ വരെ പിഴ ലഭിക്കാവുന്നതാണ് ബിജുവിന് മേൽ ചുമത്തിയിരിക്കുന്ന ഓരോ ക്രിമിനൽ കുറ്റവും .
കേസിന്റെ വിചാരണ അടുത്ത വർഷം ഓഗസ്റ്റിൽ നടക്കുമെന്ന് ജഡ്ജി സൈമൺ സ്ട്രെട്ടൻ അറിയിച്ചു. വിചാരണ ഒരാഴ്ചയോളം നീളാനാണ് സാധ്യതയെന്നും ജഡ്ജി വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് പാപ്പരായ കമ്പനിയുടെ ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്തിരുന്നു. തുടർന്ന് 2018ൽ ഇതുസംബന്ധിച്ച റിപ്പോർട്ട് ലിക്വിഡേറ്റർ പുറത്തുവിട്ടു.
35 ഉപഭോക്താക്കൾക്കായി കുറഞ്ഞത് 1.25 മില്യൺ ഡോളർ കുടിശ്ശികയായി ബിജു നല്കാനുണ്ടെന്ന് ലിക്വിഡേറ്ററിന്റെറിപ്പോർട്ട് സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഈ തുക ലഭിക്കാനുള്ള സാധ്യതകൾ കുറവാണെന്നും ലിക്വിഡേറ്റർ വ്യക്തമാക്കിയിട്ടുണ്ട്.