ക്ലോസ് കോൺടാക്ട് നിബന്ധനകൾക്ക് ടാസ്മേനിയ ഇളവ് നടപ്പിലാക്കിയതോടെ ഓസ്‌ട്രേലിയയിലെ ഒരു പ്രദേശത്തും കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് ഇനി മുതൽ ഐസൊലേഷൻ ബാധകമാകില്ല.
രാജ്യത്ത് ഈ ഇളവ് ഏറ്റവും ഒടുവിൽ നടപ്പിലാക്കിയ സംസ്ഥാനമാണ് ടാസ്മേനിയ.
ഓസ്‌ട്രേലിയയിൽ ആകെ 330,000 സജീവ കൊവിഡ് കേസുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 3000 പേർ ആശുപത്രികളിൽ ചികിത്സ തേടുകയാണ്.
പുതിയ സ്‌ട്രെയിൻ അതിവേഗത്തിൽ പടരുന്നത്
ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഒമിക്രോൺ സ്‌ട്രെയ്‌നിന്റെ രണ്ട് പുതിയ ഉപവകഭേദങ്ങൾ (BA.4, BA.2.12.1) കണ്ടെത്തിയതായി അധികൃതർ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചു.
BA.4 എന്ന സ്‌ട്രെയിൻ അതിവേഗത്തിൽ പടരുന്നതാണെന്ന് ലോകാരോഗ്യ സംഘന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ തിങ്കളാഴ്ച ഒൻപത് പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ന്യൂ സൗത്ത് വെയിൽസിൽ അഞ്ചു പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടാസ്‌മേനിയയിൽ മൂന്ന് മരണങ്ങളും വിക്ടോറിയയിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 90 വയസിന് മേൽ പ്രായമുള്ള വ്യക്തി രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 7,723 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിക്ടോറിയയിൽ 8,109 രോഗബാധയും ടാസ്‌മേനിയയിൽ 900 കേസുകളുമാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പുതിയ 5,847 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 798 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.