2020-21 കാലയളവിലെ പ്രൊഡക്ടിവിറ്റി കമ്മീഷൻ റിപ്പോർട്ടിലാണ് രാജ്യത്തുടനീളമുള്ള ആംബുലൻസ് സേവനങ്ങളുടെ കാത്തിരിപ്പ് സമയം വിശകലനം ചെയ്തിരിക്കുന്നത്. ടാസ്മേനിയായിൽ ആംബുലൻസ് സേവനം ആവശ്യപ്പെട്ടതിന് ശേഷമുള്ള ശരാശരി കാത്തിരിപ്പ് സമയം 14 മിനിട്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
NSW, ടാസ്മാനിയ എന്നിവിടങ്ങളിൽ പാരാമെഡിക്ക് സേവനത്തിനായി സാധാരണ ഗതിയിൽ 12.5 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.
ക്വീൻസ്‌ലാന്റിൽ ആംബുലൻസിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 10.5 മിനിറ്റായിരുന്നു. വിക്ടോറിയയിൽ ഇത് 10.3 മിനിറ്റാണ്.
നോർത്തേൺ ടെറിട്ടറിയിലും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും ഉള്ളവർക്ക് ഏകദേശം ഒമ്പതര മിനിറ്റ് ആംബുലൻസിനായി കാത്തിരിക്കേണ്ടി വന്നു.
അതേസമയം ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ ആംബുലൻസുകളാണ് ഏറ്റവും വേഗത്തിൽ സേവനം ലഭ്യമാക്കിയത്. ACTയിൽ ശരാശരി പ്രതികരണ സമയമായി രേഖപ്പെടുത്തിയത് ഒമ്പത് മിനിട്ടാണ്.
NSWൽ പാരാമെഡിക്കുകൾക്ക് ക്ഷാമം
പാരാമെഡിക്ക് ജീവനക്കാരുടെ ലഭ്യതക്കുറവ് ന്യൂ സൗത്ത് വെയിൽസിലെ ആംബുലൻസ് സേവനങ്ങളെ ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പാരമെഡിക്കുകളുടെ ലഭ്യതയിൽ ഏറ്റവും പുറകിൽ നിൽക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് NSW.
100,000 ആളുകൾക്ക് 48.6 പാരാമെഡിക്കുകൾ മാത്രമാണ് ന്യൂ സൗത്ത് വെയിൽസിലുള്ളത്.
അടിയന്തര സാഹചര്യങ്ങളിൽ NSW ആംബുലൻസുകളുടെ പ്രതികരണ സമയം വിക്ടോറിയ, ക്വീൻസ്‌ലാൻഡ് സംസ്ഥാനങ്ങളിലേതിനേക്കാൾ രണ്ട് മിനിറ്റ് വൈകിയാണെന്ന് ഓസ്‌ട്രേലിയൻ പാരാമെഡിക്‌സ് അസോസിയേഷൻറെ NSW പ്രസിഡന്റ് ക്രിസ് കാസ്റ്റലൻ പറഞ്ഞു.
ഒരു അടിയന്തര സാഹചര്യത്തിൽ ഈ രണ്ട് മിനിട്ടുകൾ ശരിക്കും പ്രധാനമാണ്. ഹൃദയാഘാതം നേരിട്ട ഒരു വ്യക്തിക്ക് ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും അതിജീവന സാധ്യത പത്ത് ശതമാനം വീതം കുറയുമെന്നും ക്രിസ് കാസ്റ്റലൻ ചൂണ്ടികാട്ടി.
NSW-ലെ പാരാമെഡിക് അനുപാതം മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കാൻ 1,500 പാരാമെഡിക്കുകളെ അടിയന്തിരമായി നിയമിക്കണമെന്നും APA ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിശീർഷ പാരാമെഡിക്ക് സേവനത്തിൽ ക്വീൻസ്‌ലാൻറ്, ടാസ്മേനിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.
ആംബുലൻസ് ജീവനക്കാരുടെ ക്ഷാമം രോഗികൾക്ക് പുറമെ പാരമെഡിക്ക് ജീവനക്കാരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് മഹാമാരി കാലത്ത് പലർക്കും ഭക്ഷണത്തിന് പോലും സമയം കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.