ലിബറൽ-നാഷണൽസ് സഖ്യസർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ 50,000 പേർക്ക് കൂടി സീനിയേഴ്സ് കാർഡ് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വാഗ്ദാനം ചെയ്തു.
പ്രായമേറിയ ഓസ്‌ട്രേലിയക്കാരെ സ്കോട്ട് മോറിസൺ അവഗണിക്കുന്നതായി പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസി ഇന്നലെ കുറ്റപെടുത്തിയിരുന്നു.
പ്രായമേറിയ ദമ്പതികൾക്കുള്ള കൺസഷൻ കാർഡ് ലഭിക്കാനുള്ള വരുമാനപരിധി $92,416 ൽ നിന്ന് $1,44,000 ലേക്ക് ഉയർത്താനാണ് ലിബറൽ സഖ്യത്തിന്റെ പദ്ധതി.
ഒറ്റയ്ക്ക് കഴിയുന്നവരുടേത് $57,761ൽ നിന്ന് $90,000ലേക്കും ഉയർത്തും.
ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 70 മില്യൺ ഡോളറിന്റെ പാക്കേജെന്ന് സ്കോട്ട് മോറിസൺ പറഞ്ഞു.
ഇതുവഴി മുതിർന്ന ഓസ്‌ട്രേലിയക്കാർക്ക് നൂറുകണക്കിന് ഡോളറിന്റെ നേട്ടമുണ്ടാകുമെന്നും പ്രധാനപ്പെട്ട മരുന്നുകൾക്കുള്ള പ്രതിമാസ സ്ക്രിപ്റ്റിനായി പ്രതിവർഷം $428 വരെ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മെഡികെയർ സേഫ്റ്റി നെറ്റ് എത്തിയാൽ റീഫണ്ടും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്കീം (PBS) മരുന്നുകൾക്ക് ചെലവ് കുറയ്ക്കുന്നതിനുള്ള $525 മില്യൺ ഡോളർ പദ്ധതിക്ക് പുറമെയാണ് പുതിയ പ്രഖ്യാപനമെന്ന് സാമൂഹിക സേവന വകുപ്പ് മന്ത്രി ആൻ റസ്റ്റൺ പറഞ്ഞു. ഇതിനുപുറമെ അടുത്ത വര്ഷം ജനുവരി ഒന്ന് മുതൽ ഓരോ സ്ക്രിപ്റ്റിലും 10 ഡോളറിന്റെ ഇളവും നടപ്പിലാക്കുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
കൂടുതൽ പേർക്ക് സീനിയേഴ്സ് കാർഡ് ലഭ്യമാക്കുമെന്ന സ്കോട്ട് മോറിസൺ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നതായി ലേബർ പാർട്ടി വ്യക്തമാക്കി. അധികാരത്തിൽ എത്തിയാൽ ലേബർ പാർട്ടിയും ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്തണി അൽബനീസി പറഞ്ഞു.
ഫാര്മസ്യൂട്ടിക്കൽ ബെനഫിറ്സ് സ്‌കീമിൽ ഉൾപ്പെട്ട മരുന്നുകുളുടെ വില കുറയ്‌ക്കുമെന്ന് ലേബർ പാർട്ടി പെർത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചപ്പോൾ ഞായറാഴ്ച വാഗ്ദാനം ചെയ്തിരുന്നു
PBS സ്കീമിലെ മരുന്നുകളുടെ പരമാവധി വില $42.50ൽ നിന്ന് $30 ആയി കുറയ്ക്കുമെന്നാണ് വാഗ്ദാനം.
യൂണിവേഴ്സൽ ഹെൽത്ത്കെയർനോട് പ്രതിബദ്ധതയുള്ള പാർട്ടിയാണ് ലേബറെന്ന് ആന്തണി അല്ബനീസി പറഞ്ഞു.
ചെലവ് കുറവിൽ ചൈൽഡ് കെയർ, കൂടുതൽ മെച്ചപ്പെട്ട മെഡികെയർ, ഏജ്ഡ് കെയർ പ്രതിസന്ധിക്ക് പരിഹാരം എന്നിവയാണ് പ്രതിപക്ഷ നേതാവ് ആന്തണി അല്ബനീസി പെർത്തിൽ മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങൾ.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതനത്തിലുള്ള അന്തരം കുറയ്ക്കുമെന്നും ഓസ്‌ടേലിയയുടെ നിർമ്മാണ രംഗത്തിന് കൂടുതൽ പിന്തുണ നൽകുമെന്നും, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്‌തു.


