OCI കാര്‍ഡ് പുതുക്കല്‍: ഇന്ത്യന്‍ അധികൃതര്‍ വീണ്ടും നിലപാട് മാറ്റി

50 വയസു കഴിഞ്ഞവര്‍ OCI കാര്‍ഡ് പുതുക്കണമോ എന്ന വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ വീണ്ടും നിലപാട് മാറ്റി.

Indian and Australian passports

For representative purposes only Source: (Wikimedia/Sulthan90 and Ajfabien (C.C. BY A SA 4.0))

രണ്ടു ദിവസം മുമ്പ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ അഡൈ്വസറിക്ക് വിരുദ്ധമായ വാര്‍ത്താക്കുറിപ്പാണ് ഇപ്പോള്‍ പുതിയതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

50 വയസു തികഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രം OCI കാര്‍ഡ് പുതുക്കിയാല്‍ മതി എന്നാണ് ഹൈക്കമ്മീഷന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 17 ചൊവ്വാഴ്ച ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അഡൈ്വസറിയില്‍, 50 വയസു തികഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കിയാലും ഇല്ലെങ്കിലും OCI കാര്‍ഡുകള്‍ പുതുക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. 



ഇത് പുതിയ നിയമമാറ്റമാണോ എന്ന് എസ് ബി എസ് മലയാളം ഹൈക്കമ്മീഷനോട്  ചോദിച്ചിരുന്നു.

എന്നാല്‍ നിയമമാറ്റമൊന്നുമില്ലെന്നും, നിലവിലുള്ള വ്യവസ്ഥകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുകയാണെന്നും ഹൈക്കമ്മീഷനിലെ കൗണ്‍സലര്‍ അജയ് ശ്രീവാസ്തവ എസ് ബി എസ് മലയാളത്തിന് നല്‍കിയ ഇമെയില്‍ മറുപടിയില്‍ വ്യക്തമാക്കി.

50 വയസു കഴിഞ്ഞ എല്ലാവരും - പാസ്‌പോര്‍ട്ട് പുതുക്കിയാലും ഇല്ലെങ്കിലും - OCI കാര്‍ഡുകള്‍ പുതുക്കണം എന്ന നിര്‌ദ്ദേശം പാലിക്കാന്‍ OCI കാര്‍ഡുടമകളോട് ആവശ്യപ്പെടുന്നതായും ഈ ഇമെയില്‍ സന്ദേശം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഈ അഡൈ്വസറി വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഒരു വാര്‍ത്താക്കുറിപ്പ് ഹൈക്കമ്മീഷന്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഈ വാര്‍ത്താക്കുറിപ്പ് പ്രകാരം, 50 വയസ് കഴിഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രം OCI കാര്‍ഡും പുതുക്കിയാല്‍ മതി.

അതായത്, പാസ്‌പോര്‍ട്ട് പുതുക്കാത്തവരും 50 വയസു തികയുമ്പോള്‍ OCI കാര്‍ഡ് പുതുക്കണം എന്ന നിര്‍ദ്ദേശം ഹൈക്കമ്മീഷന്‍ പിന്‍വലിച്ചിരിക്കുകയാണ്.
OCI Card
Press release issued by Indian High Commission on 19 December, 2019 Source: Screenshot of a tweet by the Indian High Commission
ഈ നിലപാടു മാറ്റത്തിന്റെ കാരണം ഹൈക്കമ്മീഷനോട് എസ് ബി എസ് മലയാളം ആരാഞ്ഞപ്പോള്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എന്നാണ് മറുപടി നല്‍കിയത്.

ഇതാദ്യമായല്ല OCI കാര്‍ഡ് പുതുക്കുന്ന വിഷയത്തില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ അധികൃതര്‍ നിലപാട് മാറ്റുന്നത്.

ക്യാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും, സിഡ്‌നിയിലെയും മെല്‍ബണിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളും ഈ വിഷയത്തില്‍ പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന കാര്യം എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

50 വയസു കഴിഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ മാത്രം OCI കാര്‍ഡ് പുതുക്കിയാല്‍ മതിയെന്നായിരുന്നു ഹൈക്കമ്മീഷന്‍ നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ പാസ്‌പോര്‍ട്ട് പുതുക്കിയില്ലെങ്കിലും OCI പുതുക്കണമെന്ന് കോണ്‍സുലേറ്റുകള്‍ നിര്‌ദ്ദേശിച്ചു.

ഈ വൈരുദ്ധ്യം എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഡിസംബര്‍     17ന് ഹൈക്കമ്മീഷന്‍ പുതിയ അഡൈ്വസറി പ്രസിദ്ധീകരിച്ചത്. കോണ്‍സുലേറ്റുകളുടെ നിലപാട് ശരിവച്ചുകൊണ്ടായിരുന്നു അത്.
ആ അഡൈ്വസറിയില്‍ നിന്ന് വീണ്ടും പിന്നോക്കം പോയിരിക്കുകയാണ് ഹൈക്കമ്മീഷന്‍ ഇപ്പോള്‍.

ജൂണ്‍ 30 വരെ ഇളവുകള്‍

അതേസമയം, OCI കാര്‍ഡുകള്‍ പുതുക്കാത്തവര്‍ക്ക് 2020 ജൂണ്‍ 30 വരെ താല്‍ക്കാലിക ഇളവുകള്‍ നല്‍കുമെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

20 വയയില്‍ താഴെയുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കിയ ശേഷം OCI കാര്‍ഡ് പുതുക്കിയിട്ടില്ലെങ്കിലും, ജൂണ്‍ 30 വരെ പഴയ OCI ഉപയോഗിച്ച് യാത്ര ചെയ്യാം എന്നാണ് ഹൈക്കമ്മീഷന്‍ പറയുന്നത്.

50 വയസു കഴിഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുണ്ടെങ്കിലും ഈ ഇളവ് ലഭിക്കും. അതായത്, 50 വയസ് കഴിഞ്ഞവര്‍ പാസ്‌പോര്‍ട്ട് പുതുക്കിയപ്പോള്‍ OCI കാര്‍ഡ് പുതുക്കിയിട്ടില്ലെങ്കിലും യാത്ര ചെയ്യാം.
പുതിയ പാസ്‌പോര്‍ട്ടിനൊപ്പം, OCI കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പരുള്ള പഴയ പാസ്‌പോര്‍ട്ടും കൈയില്‍ കരുതണം എന്നാണ് ഇന്ത്യന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.

വിമാനക്കമ്പനികള്‍ അനുവദിക്കുമോ?

പാസ്‌പോര്‍ട്ട് പുതുക്കിയിട്ടും OCI പുതുക്കാത്തവരെ ജൂണ്‍ 30 വരെ യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഹൈക്കമ്മീഷനും അറിയിച്ചെങ്കിലും, വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ അറിയിപ്പു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

OCI കാര്‍ഡ് പുതുക്കാത്തതിന്റെ പേരില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലും 20 വയസില്‍ താഴെയുള്ള പല കുട്ടികളെയും യാത്ര ചെയ്യാന്‍ വിമാനക്കമ്പനികള്‍ അനുവദിച്ചില്ല എന്ന് ട്രാവല്‍ ഏജന്റുമാര്‍ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

അത്തരത്തില്‍ ഏതെങ്കിലും വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ അക്കാര്യം എസ് ബി എസ് മലയാളത്തെ അറിയിക്കുക. malayalam.prgram@sbs.com.au  എന്ന ഇമെയിലിലോ, SBS Malayalam  ഫേസ്ബുക്ക് പേജില്‍ മെസേജായോ ഞങ്ങളെ ബന്ധപ്പെടാം.


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service