ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച രാവിലെ അവസാനിച്ചിരിക്കെയാണ് ആന്റണി അൽബനീസി പുതിയ നേതാവാകുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചത്.
അൽബനീസി മാത്രമാണ് പാർട്ടിയെ നയിക്കാൻ മുൻപോട്ടു വന്നത്. എതിരാളികളില്ലാത്തതിനാൽ അൽബനീസിയെ പാർട്ടി ഏകകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബർ പരാജയപ്പെട്ട സാഹചര്യത്തിൽ പാർട്ടി നേതാവ് ബിൽ ഷോർട്ടൻ സ്ഥാനം ഒഴിഞ്ഞിരുന്നു.
ഇതിനു പിന്നാലെ അൽബനീസിയായിരുന്നു നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ആദ്യം മുന്നോട്ടു വന്നത്.
പിന്നീട് ടാന്യ പ്ലിബർസെക്കിന്റെയും ക്രിസ് ബൗവന്റെയും ജിം ചാമേഴ്സിന്റെയും പേരുകൾ ഉയർന്നു വന്നിരുന്നെങ്കിലും ഇവരും പിൻവാങ്ങിയതോടെ പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ അൽബനീസി മുൻപോട്ടു വരികയായിരുന്നു.
ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ 21ാം നേതാവാകാൻ സാധിച്ചതിൽ അൽബനീസി സന്തോഷം അറിയിച്ചു.
2013ൽ ബിൽ ഷോർട്ടനെതിരെ മത്സരിച്ചയാളാണ് ആന്റണി അൽബനീസി. പാർട്ടി അംഗങ്ങളുടെ വോട്ടുകൾ അൽബനീസിക്കായിരുന്നെങ്കിലും പാർട്ടി കോക്കസ് വോട്ടുകളുടെ പിൻബലത്തോടെയാണ് ഷോർട്ടൻ അന്ന് നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.