ഫെഡറൽ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ലേബറിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. തെരഞ്ഞെടുപ്പിലെ ലേബറിൻറെ മുഖം എന്ന് വിശേഷിപ്പാക്കാവുന്ന അൽബനീസിയുടെ ‘മാറി നിൽക്കൽ’ ലേബർ ക്യമ്പിനെ താളം തെറ്റിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച വൈകുന്നേരമാണ് ആൻറണി അൽബനീസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയിൽസിലെ നൗറയിലുള്ള ഒരു റിട്ടയർമെന്റ് വില്ലേജ് സന്ദർശിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
തനിക്ക് ഇതുവരെ കുഴപ്പമൊന്നുമില്ലെന്നും, വീട്ടിലിരുന്ന് ഉത്തരവാദിത്തങ്ങൾ തുടരുമെന്നും അൽബനീസി വാർത്താ കുറിപ്പിൽ അറിയിച്ചു. എല്ലാ ഓസ്‌ട്രേലിയക്കാരുടെയും കൂടുതൽ മെച്ചപ്പെട്ട ഭാവിക്കായി താൻ പോരാടുമെന്നും അൽബനീസി കൂട്ടിച്ചേർത്തു.
മെഡികെയർ ഉള്ളതുകൊണ്ട് തനിക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ ഓസ്ട്രേലിയയിൽ ലഭ്യമാണെന്നും അൽബനീസി കുറിച്ചു.
മെഡികെയർ പദ്ധതിയുടെ പിന്നിൽ ലേബറാണെന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു അൽബനീസിയുടെ പരാമർശം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാനിരുന്ന അൽബനീസി, യാത്ര റദ്ദ് ചെയ്ത് സിഡ്നിയിൽ തുടരുകയാണ്. ഇതോടെ മെയ് 21 നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന് മുൻപ്, കുറഞ്ഞത് ഏഴ് ദിവസത്തെ പരസ്യ പര്യടന പരിപാടികളെങ്കിലും അൽബനീസിക്ക് നഷ്ടമാകും.
അൽബനീസി ക്വാറൻറൈനിൽ പ്രവേശിച്ചെങ്കിലും ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ലേബർ പാർട്ടി അറിയിച്ചു.
കൊവിഡിൻറെ പശ്ചാത്തലത്തിൽ ഇത്തരമൊരു സാധ്യത മുൻകൂട്ടി കണ്ടിരുന്നതായി ലേബർ കാമ്പെയ്‌ൻ വക്താവ് ജേസൺ ക്ലെയർ വ്യക്തമാക്കി. ലേബർ ടീമിൻറെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും ജേസൺ ക്ലെയർ ചൂണ്ടിക്കാട്ടി.
അൽബനീസിയുടെ അസാന്നിധ്യമല്ല, സ്കോട്ട് മോറിസണെ വോട്ടർമാർക്ക് നന്നായി അറിയാമെന്നതാണ് യഥാർത്ഥ പ്രശ്‌നമെന്നും ലേബർ വക്താവ് പരിഹസിച്ചു.
ആരോഗ്യ സ്ഥിതിക്കനുസരിച്ച് ഓൺലൈനായി വാർത്താ സമ്മേളനങ്ങളിലും, പ്രചാരണ പരിപാടികളിലും അൽബനീസി പങ്കെടുക്കുമെന്നാണ് സൂചന.
അതേ സമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലേബറിൻറെ മുഖ്യ എതിരാളിയും, പ്രധാന മന്ത്രിയുമായ സ്കോട്ട് മോറിസൺ ആൻറണി അൽബനീസിക്ക് ആശംകൾ നേർന്നു.
അൽബനീസിയുടെ രോഗബാധ ഗുരുതരമാകില്ലെന്ന പ്രതീക്ഷയും സ്കോട്ട് മോറിസൺ പങ്കുവെച്ചു.