കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തീരുമാനിച്ചു.
ഒമിക്രോൺ ബാധയുടെ രണ്ടാമത്തെ പാരമ്യവും കടന്നുപോയെന്നും, അതിനാലാണ് ഇളവുകൾ കൊണ്ടുവരുന്നതെന്നും സംസ്ഥാന സർക്കാരുകൾ അറിയിച്ചു.
കൊവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായാൽ ഐസൊലേറ്റ് ചെയ്യണം എന്ന സാഹചര്യം പൂർണമായി പിൻവലിക്കുന്നതാണ് പുതിയ ഇളവുകൾ.
ന്യൂ സൗത്ത് വെയിൽസ്
കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിൽപ്പെട്ടവർ ഏഴ് ദിവസം വീട്ടിൽ ഒറ്റപ്പെടണമെന്ന നിബന്ധനയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ പിൻവലിച്ചത്. അടുത്ത സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇനി മുതൽ ദിവസേനയുള്ള റാപ്പിഡ് ആൻറിജൻ പരിശോധനയുണ്ടാകും.
കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധനയും ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഐസൊലേഷൻ ഏർപ്പെടുത്തിയതോടെ പലയിടത്തും തൊഴിലാളി ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ബിസ്സിനസ് മേഖലയിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
സമ്പർക്കപ്പട്ടികയിലുള്ളവർ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും, തങ്ങൾക്ക് കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കമുണ്ടായതായി തൊഴിലുടമയെ അറിയിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർ ആശുപത്രികൾ, ഏജ്ഡ് കെയറുകൾ എന്നിവടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
അതേസമയം പോസിറ്റിവ് കേസുകൾക്കുണ്ടായിരുന്ന ഐസൊലേഷൻ നിബന്ധനകൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ചില പ്രത്യേക മേഖലകളിലുണ്ടായിരുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ പൊതുജനാരോഗ്യ ഉത്തരവും NSW സർക്കാർ പിൻവലിച്ചു. എന്നാൽ ഏജ്ഡ് കെയർ, ഡിസെബിലിറ്റി മേഖലകളിലെ ജീവനക്കാരുടെ വാക്സിൻ നിബന്ധന തുടരും.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.
പൊതുഗതാഗതങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലേർപ്പെടുത്തിയിരുന്ന പരിധി പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പൊതുഗതാഗത സംവിധാനം, വിമാനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ മാസ്ക് നിബന്ധന തുടരും.
വിക്ടോറിയ
സംസ്ഥാനത്തെ ഉയർന്ന വാക്സിനേഷൻ നിരക്കും, ഒമിക്രോൺ കേസുകളിലുണ്ടായ കുറവുമാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാൻ കാരണമെന്ന് വിക്ടോറിയൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കൊവിഡ് ബാധിതരുമായി അടുത്ത സമ്പർക്കത്തിലുള്ളവർക്ക് ഇനി മുതൽ ഐസൊലേഷൻ ആവശ്യമില്ല. ഇവർ കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കുകയും, ആശുപത്രികളും ഏജഡ് കെയറുകളും സന്ദർശിക്കുന്നത് ഒഴിവാക്കുകയും വേണം.
അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഏഴു ദിവസത്തിനുള്ളിൽ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും റാപ്പിഡ് ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം കിട്ടുകയും വേണം.
പബ്ബുകൾ, ക്ലബ്ബുകൾ, കഫേകൾ എന്നിവടങ്ങളിലെ പ്രവേശനത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന നിബന്ധനയും സംസ്ഥാന സർക്കാർ പിൻവലിച്ചിട്ടുണ്ട്.
QR കോഡ് നിബന്ധന ഒഴിവാക്കുമെന്ന് വ്യക്തമാക്കിയ വിക്ടോറിയൻ സർക്കാർ, പ്രൈമറി സ്കൂളുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, ഹൊസ്പിറ്റാലിറ്റി മേഖലകൾ എന്നിവടങ്ങളിലെ മാസ്ക് നിബന്ധന പിൻവലിക്കുമെന്നും കൂട്ടിച്ചേർത്തു.