2007ല്‍ സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്കെത്തിയ ഇന്ത്യന്‍ പൗരനായിരുന്നു അപേക്ഷകന്‍.
2012ല്‍ ഇയാള്‍ക്ക് സബ്ക്ലാസ് 487 വിസ ലഭിച്ചിരുന്നു. രണ്ടു വര്‍ഷം നിശ്ചിത ഉള്‍നാടന്‍ പ്രദേശത്ത് ജീവിക്കുകയും, ഒരു വര്‍ഷം അവിടെ തൊഴിലെടുക്കുകയും ചെയ്താല്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്ന വിസയാണ് ഇത്.
2015ല്‍ PR വിസയ്ക്കായി ഇയാള്‍ അപേക്ഷ നല്‍കി. എന്നാല്‍ വിക്ടോറിയയുടെ ഉള്‍നാടന്‍ പ്രദേശമായ വോഡോംഗയില്‍ രണ്ടു വര്‍ഷം താമസിച്ചു എന്ന ഇയാളുടെ അവകാശവാദം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കുടിയേറ്റകാര്യ വകുപ്പ് വിസ നല്‍കിയില്ല.
തുടര്‍ന്ന്, അവിടെ താമസിച്ചു എന്നു തളിയിക്കാന്‍ നിരവധി രേഖകളാണ് അപേക്ഷകന്‍ നല്‍കിയത്. രണ്ടു വര്‍ഷത്തെ മൊബൈല്‍ ഫോണ്‍ ബില്‍, യൂട്ടിലിറ്റി ബില്ലുകള്‍, നികുതിയടച്ചതിന്റെ രേഖകള്‍, ജോലി സംബന്ധമായ രേഖകള്‍ എന്നിവയെല്ലാം ഇയാള്‍ ഹാജരാക്കി.
എന്നാല്‍ ഇതിനിടയിലാണ് കുടിയേറ്റകാര്യ വകുപ്പിന് ഒരു അജ്ഞാത സന്ദേശം ലഭിച്ചത്.

Source: Getty Images
ഇയാള്‍ മെല്‍ബണില്‍ ജീവിക്കുകയും ജോലിചെയ്യുകയുമാണെന്നും, വോഡോംഗയില്‍ ജീവിക്കുന്നു എന്ന അവകാശവാദം കള്ളമാണ് എന്നുമായിരുന്നു ഈ സന്ദേശം.
വൊഡോംഗയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു എന്നു പറഞ്ഞ സ്ഥാപനത്തില്‍ യഥാര്‍ത്ഥത്തില്‍ ജോലി ചെയ്തിട്ടില്ല എന്നും അജ്ഞാതന്‍ കുടിയേറ്റകാര്യ വകുപ്പിനെ അറിയിച്ചു. മറിച്ച്, രേഖകള്‍ ലഭിക്കുന്നതിനു വേണ്ടി ആ സ്ഥാപനത്തിന് ഇയാള്‍ പണം നല്കുകയായിരുന്നു എന്നായിരുന്നു സന്ദേശം.
ഉള്‍നാടന്‍ പ്രദേശത്ത് വാടകയ്ക്ക ്‌വീടെടുത്തെങ്കിലും മെല്‍ബണിലായിരുന്നു ഇയാളുടെ സ്ഥിരതാമസെന്നും കുടിയേറ്റകാര്യ വകുപ്പ് കണ്ടെത്തി. സെക്യൂരിറ്റി ഗാര്‍ഡായി രാത്രി സമയങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, ശമ്പളം പണമായി കൈയില്‍ വാങ്ങുകയായിരുന്നു.
ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ കുടിയേറ്റ കാര്യ വകുപ്പിന്, ഇയാളുടെ പേരിലുള്ള ട്രാഫിക് കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു. ഇതെല്ലാം വൊഡോംഗയ്ക്ക് പുറത്തായിരുന്നു.
കുടിയേറ്റകാര്യവകുപ്പ് വിസ നിഷേധിച്ചതോടെ, ഇയാള്‍ അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ ട്രൈബ്യൂണലിനെ (AAT) സമീപിച്ചു.
AAT യില്‍ നടന്ന വാദത്തിനിടെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കാനുള്ള ലൈസന്‍സിന് ഇയാള്‍ നല്‍കിയിരുന്ന വിലാസം മെല്‍ബണിലേതാണെന്നും വ്യക്തമായി.
തുടര്‍ന്ന് വിസ റദ്ദാക്കിയ നടപടി ട്രൈബ്യൂണലും ശരിവച്ചു.
ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയുടെ അപ്പീല്‍ ബഞ്ചും വിസ റദ്ദാക്കിയ നടപടി ശരിവച്ചതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അജ്ഞാതന്‍ നല്‍കിയ സന്ദേശത്തിലെ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് തെളിഞ്ഞു എന്നാണ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി വിലയിരുത്തിയിരിക്കുന്നത്.

s Source: AAP