രാജ്യത്ത് രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റത്തിലേർപ്പെട്ടവരെ നാടുകടത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബില്ലാണ് മോറിസൺ സർക്കാർ അവതരിപ്പിച്ചത്. ബിൽ പ്രകാരം കുറ്റവാളികളെ നാടുകടത്തണമെങ്കിൽ ഇവർ തടവ് ശിക്ഷ നേരിടണമെന്ന് നിർബന്ധമില്ല. മറിച്ച് കുറഞ്ഞത് രണ്ട് വർഷം തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മതി .
ഓസ്ട്രേലിയൻ പൗരത്വമില്ലാതെ പെർമനന്റ് വിസയിലും താത്കാലിക വിസയിലും രാജ്യത്ത് തങ്ങുന്നവർക്കാണ് ഇത് ബാധകമാകുന്നത്.
ബിൽ പ്രകാരം രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റത്തിലേർപ്പെട്ടാൽ സ്വമേധയാ സ്വഭാവ പരിശോധനയിൽ പരാജയപ്പെടും.
ഇതോടെ ഇവരുടെ വിസ റദ്ദാക്കുകയും ഇവരെ നാടുകടത്തുകയും ചെയ്യും.
മാത്രമല്ല സ്വഭാവ പരിശോധനയിൽ പരാജയപ്പെടുന്ന താത്കാലിക വിസയിലുള്ളവർക്ക് പെർമനന്റ് റെസിഡൻസി നിഷേധിക്കുകയും ചെയ്യുന്നതാണ് ബില്ലിലെ വ്യവസ്ഥ.
നിലവിലെ നിയമപ്രകാരം വിവിധ കുറ്റകൃത്യങ്ങളിലേർപ്പെടുകയും കുറഞ്ഞത് ഒരു വർഷം വരെ ജയിൽ ശിക്ഷ നേരിടുകയും ചെയ്യുന്നവരുടെ വിസയാണ് റദ്ദാക്കി നാടുകടത്തുന്നത്. എന്നാൽ പുതിയ ബിൽ അനുസരിച്ച് ജയിൽ ശിക്ഷ നേരിടാത്തവരും സ്വഭാവ പരിശോധനയിൽ പരാജയപ്പെടും.
നിലവിലെ നിയമത്തെ കൂടുതൽ ബലപ്പെടുത്തുന്ന ബിൽ കഴിഞ്ഞ മാസം കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സെനറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സർക്കാർ. സെപ്റ്റംബർ പകുതിയോടെ റിപ്പോർട്ട് ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഈ ബില്ലിന് വീണ്ടും ബലം നൽകിക്കൊണ്ടുള്ള നിർദ്ദേശമാണ് സർക്കാർ ഇപ്പോൾ മുൻപോട്ട് വച്ചിരിക്കുന്നത്.
സർക്കാരിന്റെ ഈ പുതിയ വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാൽ നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തിൽ അഞ്ച് മടങ് വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കുടിയേറ്റ നിയമത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം സ്വഭാവ പരിശോധന കർശനമാക്കുന്നത് ജനങ്ങൾക്ക് നൽകുന്ന ഒരു പ്രധാനപ്പെട്ട സന്ദേശമാണെന്ന് ഡേവിഡ് കോൾമാൻ അറിയിച്ചു. നിയമങ്ങൾ പാലിച്ച് നല്ല രീതിയിൽ രാജ്യത്ത് തങ്ങുന്നവർക്ക് മാത്രം അനുവദിച്ചു നൽകുന്ന ഒന്നാണ് ഓസ്‌ട്രേലിയൻ വിസയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാര്‍ഹിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് വരാന്‍ വിസ അനുവദിക്കില്ലെന്ന നിയമം ഈ വർഷം മാർച്ചിൽ നിലവിൽ വന്നിരുന്നു.