സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമം നടത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ മാറ്റം നിലവില്‍ വന്നു.
ഇതുപ്രകാരം, ഗാര്‍ഹിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ഓസ്‌ട്രേലിയന്‍ വിസ അനുവദിക്കില്ല. കുടിയേറ്റ വിസകള്‍ക്കു മാത്രമല്ല, സന്ദര്‍ശക വിസകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.
നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്ളവരാണ് ഗാര്‍ഹിക പീഡന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതെങ്കില്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കും.
ഇപ്പോഴത്തെ നിയമപ്രകാരം സ്വഭാവ പരിശോധനയില്‍ പരാജയപ്പെടുകയോ, 12 മാസത്തിലേറെ ജയില്‍ശിക്ഷ നേരിടുകയോ ചെയ്യുന്നവരെ മാത്രമാണ് വിസ റദ്ദാക്കി നാടു കടത്തുന്നത്. എന്നാല്‍ ഗാര്‍ഹിക പീഡന കേസുകളിലാണെങ്കില്‍ ഇത്തരമൊരു കുറഞ്ഞ പരിധി ഉണ്ടാകില്ല.
ഏതു രാജ്യത്താണ് കുറ്റകൃത്യം നടക്കുന്നതെങ്കിലും, എത്ര കുറഞ്ഞ ശിക്ഷയാണ് ലഭിക്കുന്നതെങ്കിലും അവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം നല്‍കില്ലെന്ന് ഡേവിഡ് കോള്‍മാന്‍ വ്യക്തമാക്കി.
കുടിയേറ്റകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രമല്ല, അപ്പലേറ്റ് ട്രൈബ്യൂണലും ഈ നിബന്ധന നടപ്പാക്കേണ്ടി വരും.
നേരത്തേ ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ രണ്ടു പേര്‍ക്ക് ഓസ്‌ട്രേലിയന്‍ വിസ നിഷേധിച്ചിരുന്നെങ്കിലും അപ്പലേറ്റ് ട്രൈബ്യൂണല്‍ ഈ തീരുമാനം റദ്ദാക്കിയിരുന്നു. പുതിയ വ്യവസ്ഥ ട്രൈബ്യൂണലിനും ബാധകമാണെന്ന് കുടിയേറ്റകാര്യമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്ക് എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക