ആറു സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്‌ട്രോബറികള്‍ക്കുള്ളില്‍ നിന്ന് തയ്യല്‍സൂചികൾ കണ്ടെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സിഡ്‌നിയിലെ വൂൾവർത്സിൽ നിന്ന് വാങ്ങിയ ആപ്പിളിലും സൂചി കണ്ടെത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് .
വടക്കു പടിഞ്ഞാറൻ സിഡ്‌നിയിലെ ദി പോണ്ട്സിൽ ഉള്ള സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ പിങ്ക് ലേഡി ആപ്പിളിൽ നിന്നാണ് സൂചി കണ്ടെടുത്തത്. കുട്ടികൾക്ക് കൊടുക്കാനായി ഒരു അമ്മ ആപ്പിൾ മുറിച്ചപ്പോഴാണ് ഇതിൽ തയ്യൽ സൂചി കണ്ടത് എന്നാണ് റിപ്പോർട്ടുകൾ.
ഇതേത്തുടന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അന്വേഷണം ആരംഭിച്ചു .
തിങ്കളാഴ്ച ക്വീന്‍സ്ലാന്റില്‍ പഴത്തിനുള്ളില്‍ നിന്ന് ലോഹക്കഷണം കണ്ടെത്തിയിരുന്നു. എന്നാല്‍ സ്‌ട്രോബറിയിൽ സൂചി കണ്ടെത്തിയ സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മാനസികരോഗമുള്ള ഒരാളാണ് ഇതിനു പിന്നിലെന്ന് സംസ്ഥാന പ്രീമിയര്‍ അനസ്താഷ്യ പലാഷെയുടെ വക്താവ് വ്യക്തമാക്കിയിരുന്നു.
അതേസമയം സ്ട്രോബറിക്കുള്ളിൽ സൂചി കണ്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് തുടരുകയാണ്. കേസിന് സഹായകരമാകുന്ന എന്തെങ്കിലും തെളിവു നല്‍കുന്നവര്‍ക്ക് ക്വീന്‍സ്ലാന്റ് പൊലീസ് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.