SKIP TO MAIN CONTENT

ആര്‍ത്തവരക്തം കാണിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം; പരാതിയില്‍ കഴമ്പില്ലെന്ന് അധികൃതര്‍

ആര്‍ത്തവസമയത്ത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളൊന്നും പരസ്യത്തിലില്ലെന്ന് Ad Standards

Woman holding sanitary towel
Source: Getty

2 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ആര്‍ത്തവ സമയത്തെ രക്തം കാണിക്കുന്ന സാനിറ്ററി പാഡിന്റെ പരസ്യത്തിനെതിരെ ഓസ്‌ട്രേലിയയില്‍ നൂറു കണക്കിന് പേര്‍ പരാതിയുമായി രംഗത്തെത്തി.

എന്നാല്‍ പരസ്യവിപണിയുടെ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന ദൃശ്യങ്ങളൊന്നും പരസ്യത്തിലില്ല എന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യം പരിശോധിക്കുന്ന ഔദ്യോഗിക ഏജന്സിയായ ആഡ് സ്റ്റാന്റേര്‍ഡ് പരാതികള്‍ തള്ളിക്കളഞ്ഞു.

കഴിഞ്ഞ മാസമാണ് അസാലിയോ കെയര്‍ എന്ന കമ്പനി ലിബ്ര പീരിയഡ് പാഡ് എന്ന ഉല്‍പന്നത്തിന്റെ പരസ്യം പ്രമുഖ ചാനലുകളില്‍ നല്‍കിയത്. പെണ്‍കുട്ടികളും സ്ത്രീകളും ആര്‍ത്തവസമയത്ത് എങ്ങനെയാണ് എന്ന് കാണിക്കുന്ന നിരവധി ദൃശ്യങ്ങളായിരുന്നു ഈ പരസ്യത്തില്‍ ഉണ്ടായിരുന്നത്.

വൈകുന്നേരങ്ങളില്‍, അഥവാ പ്രൈം ടൈമിലാണ് പരസ്യം പ്രമുഖ ചാനലുകളിലെല്ലാം സംപ്രേഷണം ചെയ്തതും. ഇതാദ്യമായാണ് ഓസ്‌ട്രേലിയില്‍ ഇത്തരമൊരു പരസ്യം ടെലിവിഷനില്‍ വരുന്നത്.

ഒരു പെണ്‍കുട്ടി അടിവസ്ത്രത്തിനുള്ളില്‍ നിന്ന് രക്തം പുരണ്ട പാഡ് പുറത്തെടുക്കുന്നതും, ഷവറില്‍ കുളിക്കുന്ന ഒരു സ്ത്രീയുടെ കാലിലൂടെ രക്തവും വെള്ളവും ഒഴുകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഈ പരസ്യത്തിലുണ്ട്.

ഇതിനെതിരെ 600ഓളം പേരാണ് പരാതിയുമായി ആഡ് സ്റ്റാന്‍ഡേര്‍ഡ്‌സിനെ സമീപിച്ചത്.

കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്നതല്ല ഈ പരസ്യം, അനാവശ്യമായ ദൃശ്യങ്ങളാണ്, അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉണ്ടായത്. ശരീരസ്രവങ്ങള്‍ പരസ്യത്തില്‍ കാട്ടുന്നത് ശരിയല്ലെന്നും ഒരു പരാതിയില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ് പരസ്യത്തിലെ ദൃശ്യങ്ങള്‍ എന്നായിരുന്നു മറ്റൊരു പരാതി. പ്രത്യേകിച്ചും കുട്ടികള്‍ ടെലിവിഷന്‍ കാണുന്ന പ്രൈം ടൈമിലും ഭക്ഷണ സമയത്തുമെല്ലാം ഇത് നല്‍കുന്നതിനെയും പലരും വിമര്‍ശിച്ചു.

പരസ്യത്തില്‍ തെറ്റില്ലെന്ന് അധികൃതര്‍

എന്നാല്‍ പരസ്യത്തിലെ ദൃശ്യങ്ങള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു എന്ന വസ്തുത അംഗീകരിക്കാമെങ്കിലും, പരസ്യവിപണിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് എതിരല്ല ഇതെന്ന് ആഡ് സ്റ്റാര്‍ഡേര്‍ഡ്‌സ് വിലയിരുത്തി.

ആര്‍ത്തവരക്തം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നു എന്നത് ചട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു വിഷയമല്ല എന്നാണ് ആഡ് സ്റ്റാന്റേര്‍ഡ്‌സിന്റെ കമ്മ്യൂണിറ്റി പാനല്‍ ചൂണ്ടിക്കാട്ടിയത്.

സ്ത്രീകളുടെ സ്വകാര്യ വിഷയങ്ങളെ പരസ്യമാക്കി എന്നും, അവരെ മോശമായി ചിത്രീകരിച്ചും എന്നുള്ള ആരോപണങ്ങളും നിലനില്‍ക്കില്ല എന്നാണ് അധികൃതര്‍ വിലയിരുത്തിയത്.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ മോശക്കാരാണ് എന്ന പൊതു ബോധത്തിന് എതിരെ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമാണ് ഈ പരസ്യം ആഡ് സ്റ്റാന്റേര്‍ഡ്‌സ് പാനല്‍

#bloodnormal എന്ന പേരിലാണ് ഇത്തരം ഒരു പ്രചാരണം നടക്കുന്നത്.

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അശുദ്ധരാണ് എന്ന ആശയം കാലഹരണപ്പെട്ടതും അപഹാസ്യവുമാണെന്ന് സ്ത്രീകളുടെ ആരോഗ്യസംരക്ഷണ സ്ഥാപനമായ ജീന്‍ ഹെയിലെസിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എലിസബത്ത് ഫാരല്‍ എ ബി സിയോട് പറഞ്ഞു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now