മെയ് 18നു നടക്കുന്ന ഔസ്സ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയെ ജനങ്ങൾ തെരഞ്ഞെടുക്കും.
വോട്ടിംഗ് ദിവസം സമ്മതിദാന അവകാശം വിനിയോഗിക്കാൻ കഴിയാത്തവർക്കായി തിങ്കളാഴ്ച മുതൽ ഏർലി വോട്ടിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് അവധി ആഘോഷിക്കാനും മറ്റുമായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുകയും ഓസ്‌ട്രേലിയയിൽ വോട്ട് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്നവർക്ക് വോട്ട് ചെയ്യാൻ നിരവധി മാർഗ്ഗങ്ങളാണുള്ളത്.
വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പു വരുത്തണം:
ഓസ്‌ട്രേലിയൻ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എല്ലാ പൗരന്മാരും സമ്മതിദാനവകാശം വിനിയോഗിക്കണമെന്നത് നിർബന്ധമാണ്.
തെരഞ്ഞെടുപ്പിന് മുൻപായി 18 വയസു പൂർത്തിയാവുകയോ ഓസ്‌ട്രേലിയൻ പൗരത്വം എടുക്കുകയോ ചെയ്തവരുടെ പേരുകൾ സ്വയമേ വോട്ടർപട്ടികയിൽ ഇടം നേടില്ല. അതിനാൽ 18 വയസ്സിന് മേൽ പ്രായമായ എല്ലാ പൗരന്മാരും വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് ദിവസം വിദേശ സന്ദർശനത്തിലുള്ളവരും വോട്ടപ്പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
നേരത്തെ വോട്ടർ പട്ടികയിൽ പേര് ചേർത്തവർ അവരുടെ മേൽവിലാസത്തിൽ വരുന്ന മാറ്റങ്ങളും മറ്റും ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷനിൽ വിളിച്ചു അറിയിക്കേണ്ടതാണ്. ഇതുവഴി നിങ്ങൾ താമസിക്കുന്ന പ്രദേശത്തിനടുത്തുള്ള മണ്ഡലങ്ങളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.

Source: AAP Image/Richard Wainwright
ഓസ്‌ട്രേലിയൻ എംബസിയിൽ വോട്ട് ചെയ്യാം:
തെരഞ്ഞെടുപ്പ് സമയത്ത് ഓസ്‌ട്രേലിയയിൽ ഇല്ലാവർക്ക് അവർ ആയിരിക്കുന്ന വിദേശരാജ്യത്തെ ഓസ്‌ട്രേലിയൻ എംബസിയിലോ കോൺസുലെറ്റിലോ ഹൈകമ്മീഷനിലോ വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ഇവിടെ നേരിട്ട് പോയി വേണം വോട്ട് രേഖപ്പെടുത്താൻ.
പോസ്റ്റൽ വോട്ട് :
തെരഞ്ഞെടുപ്പ് സമയത്ത് ഓസ്‌ട്രേലിയയിൽ ഇല്ലാത്തവർക്ക് പോസ്റ്റൽ വോട്ടിലൂടെയും വോട്ട് ചെയ്യാം. ഇതിനായി ഓസ്‌ട്രേലിയൻ ഇലക്ട്‌റൽ കമ്മീഷനിൽ (AEC) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിച്ച ശേഷം AEC നിങ്ങൾ നൽകിയ മേൽവിലാസത്തിലേക്ക് തപാൽ മുഖേന പോസ്റ്റൽ വോട്ടിനായുള്ള ബാലറ്റ് പേപ്പർ അയച്ചു നൽകും.
മെയ് 18 അതായത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുൻപായി ഈ ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുകയും എന്തെങ്കിലും അധികാരപ്പെട്ടവരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഇത് എത്രയും വേഗം ഇലക്ട്‌റൽ കമ്മീഷനിലേക്ക് അയക്കുകയും ചെയ്യേണ്ടതാണ്. ഓർക്കുക, തെരഞ്ഞെടുപ്പ് തീയതിക്ക് ശേഷം 13 ദിവസത്തിനുള്ളിൽ ഈ ബാലറ്റ് പേപ്പറുകൾ AEC ക്ക് ലഭിച്ചിരിക്കണമെന്നതാണ് ഇലക്ട്‌റൽ കമ്മീഷന്റെ നിർദ്ദേശം.

Source: SBS
വോട്ട് ചെയ്യാൻ സാധിക്കുന്നില്ലേ? വിവരം അറിയിക്കണം :
വിദേശത്തുള്ള ഓസ്‌ട്രേലിയൻ എംബസ്സികളിലൂടെയോ പോസ്റ്റൽ വോട്ടിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ സമ്മതിദായവകാശം വിനിയോഗിക്കാൻ കഴിയാത്തവർക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഇലക്ട്‌റൽ കമ്മീഷനെ അറിയിക്കാം.
ഇതിനായി തക്കതായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓവർസീസ് നോട്ടിഫിക്കേഷൻ ഫോം ഇലക്ടറൽ കമ്മീഷനിൽ സമർപ്പിക്കേണ്ടതാണ്.
ദീർഘ നാളായി വിദേശത്തുള്ളവർക്കും വോട്ട് ചെയ്യാം:
തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണം എന്ന് താൽപര്യപ്പെടുന്ന ആറ് വർഷത്തിൽ കൂടുതലായി വിദേശത്തു തങ്ങുന്നവർക്കും വോട്ട് ചെയ്യാൻ അവസരം ലഭ്യമാക്കും.
ഇതിനായി വോട്ട് രേഖപ്പെടുത്താൻ താത്പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിവിഷണൽ റിട്ടേർണിംഗ് ഓഫീസറെ info@aec.gov.au എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. ഇതുവഴി ഓഫീസർ വോട്ടർ പട്ടികയിലുള്ള നിങ്ങളുടെ പേര് പുതുക്കുകയും നിങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്യും.