ഓസ്‌ട്രേലിയയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ പാലിക്കേണ്ട ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് നിയമങ്ങൾ തന്നെയാണ് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും പാലിക്കേണ്ടത്. രാജ്യത്തിനകത്തു നിന്നായാലും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നായാലും ഈ നിയമങ്ങളെല്ലാം ബാധകമാണ്.
ഓൺലൈൻ ആയി വാങ്ങുന്ന ഉൽപ്പന്നങ്ങളെല്ലാം കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുകയുള്ളൂ. നിരോധിച്ച വസ്തുക്കളോ രാജ്യത്ത് അസുഖങ്ങൾ പടരാൻ കരണമാകുന്നതോ ആയ ഉൽപ്പന്നങ്ങൾ അനുവദനീയമല്ല. അതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താനായി ഇവ കാർഷിക വിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധനക്ക് വിധേയമാക്കും.
1000 ഡോളറോ അതിൽ കുറവോ വിലമതിക്കുന്ന സാധനങ്ങൾ വാങ്ങിയാൽ
ഈ വിലയിലുള്ള സാധനങ്ങൾ ആണ് ഓൺലൈൻ ആയി വാങ്ങുന്നതെങ്കിൽ ഇവയെ വില കുറഞ്ഞ സാധനങ്ങൾ (low value imports) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്.
ഡ്യൂട്ടിയിൽ നിന്നും നികുതിൽ നിന്നുമെല്ലാം ഇത്തരം വില കുറഞ്ഞ ഉൽപ്പന്നങ്ങൾ നേരത്തെ ഒഴിവാക്കിയിരുന്നു. മദ്യത്തിനും പുകയില ഉല്പന്നങ്ങൾക്കും മാത്രമായിരുന്നു ജി എസ് ടി ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ 2018 ജൂലൈ ഒന്ന് മുതൽ ഈ നിയമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 1000 ഡോളറോ അതിൽ താഴെയോ വിലമതിക്കുന്ന രാജ്യത്തേക്കെത്തുന്ന എല്ലാ സാധനങ്ങൾക്കും ജി എസ് ടി (GST) ബാധകമാക്കിയിട്ടുണ്ട് . അതായത് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സാധനമാണ് ഓൺലൈൻ ആയി വാങ്ങുന്നതെങ്കിൽ ഓർഡർ ചെയ്യുമ്പോൾ തന്നെ ജി എസ് ടി ഉൾപ്പെടെയുള്ള തുക നൽകിയാണ് ഇവ ഓർഡർ ചെയ്യുന്നത്.
ഇതുവഴി ഇവ വിൽക്കുന്ന കമ്പനിക്ക് നിങ്ങൾ ജി എസ് ടി നൽകുകയും അവർ ഈ തുക ഓസ്‌ട്രേലിയൻ സർക്കാരിന് നല്കുകയുമാണ് ചെയ്യുന്നത്.
അതിനാൽ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ഓൺലൈൻ ആയി വാങ്ങുമ്പോൾ സാധനത്തിന്റെ വിലയുടെ പരസ്യത്തിലും ജി എസ് ടി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കേണ്ടതാണ്. കൂടാതെ സാധങ്ങൾ വാങ്ങിയ ശേഷം ലഭിക്കുന്ന രസീതിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസിന്റെ നിർദ്ദേശം.
ഡിക്ലറേഷൻ സമർപ്പിക്കണം
വിമാനത്തിലോ കടൽ മാർഗ്ഗമോ ആണ് വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് എത്തുന്നതെങ്കിൽ ഓസ്‌ട്രേലിയൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സർവീസിൽ ഇവ ഡിക്ലയർ ചെയ്യേണ്ടതാണ്. ഇതിനായി സെൽഫ് അസ്സസ്സ്ഡ് ക്ലിയറൻസ് (Self-assessed Clearance) ഡിക്ലറേഷൻ സമർപ്പിക്കണം.
ഇനി ഓസ്‌ട്രേലിയ പോസ്റ്റ് വഴിയാണ് എത്തുന്നതെങ്കിൽ ബോർഡർ ഫോഴ്സും കാർഷിക വിഭാഗവും പരിശോധിച്ച ശേഷമാകും ഇവ നിങ്ങളിലേക്ക് എത്തുന്നത്. പരിശോധനയിൽ സാധനകളുടെ വിലയിൽ സംശയം തോന്നുന്ന പക്ഷം ഇത് സംബന്ധിച്ച തെളിവ് ആവശ്യപ്പെട്ടുള്ള ഒരു കത്ത് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ നൽകിയ തെളിവ് ബോധ്യപ്പെട്ടില്ലെങ്കിൽ ഓസ്ട്രേലിയ പോസ്റ്റിൽ നിന്നും ഒരു നോട്ടീസ് അയയ്ക്കുന്നതായിരിക്കും.
എങ്ങനെ ഡിക്ലയർ ചെയ്യാം ?
ഓൺലൈൻ ആയി വാങ്ങിയ സാധനങ്ങൾ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ആണെന്ന് ഇതിൽ രേഖപ്പെടുത്തണം. കൂടാതെ ഇവ കാർഷിക വിഭാഗത്തിന്റെ പരിശോധനക്ക് വിധേയമാക്കണമെങ്കിൽ അതും ഡിക്ലയർ ചെയ്യുമ്പോൾ ആവശ്യപ്പെടാവുന്നതാണ്.
എന്നാൽ ഓസ്ട്രേലിയ പോസ്റ്റിലൂടെ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് സെൽഫ് അസ്സസ്സ്ഡ് ക്ലിയറൻസ് ആവശ്യമില്ല.
ഓർക്കുക സൗജന്യമായി ചെയ്യാവുന്ന ഈ ഡിക്ലറേഷൻ ഇലക്ട്രോണിക്കായി മാത്രമേ സമർപ്പിക്കാൻ കഴിയൂ. പേപ്പറിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ഡിക്ലറേഷൻ സ്വീകാര്യമല്ലെന്ന് ബോർഡർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

買衫遇上國際尺碼如何轉換? Source: SBS
1000 ഡോളറിന് മേൽ വിലമതിക്കുന്ന വസ്തുക്കൾ വാങ്ങിയാൽ
ഇനി വിലകൂടിയ സാധനങ്ങളാണ് ഓൺലൈൻ ആയി വാങ്ങുന്നതെങ്കിൽ ഇവയ്ക്ക് ഡ്യൂട്ടിയും നികുതിയുമെല്ലാം ബാധകമാണ്.
കൂടാതെ വീടുകളിലെ ഉപയോഗത്തിനോ കച്ചവടത്തിനോ വേണ്ടി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്‌സിന് ഇംപോർട്ട് ഡിക്ലറേഷൻനും സമർപ്പിക്കേണ്ടതാണ്.
ഇതിനായി ഇംപോർട്ട് പ്രോസസ്സിംഗ് ചാർജ്സ് അമൻഡ്മെന്റ് ആക്ട് 2015 പ്രകാരമുള്ള പ്രോസസ്സിംഗ് തുകയും നൽകണം. ഇംപോർട്ട് ഡിക്ലറേഷൻ സമർപ്പിച്ച ശേഷം ഇത് എത്രയാണെന്ന കാര്യം അധികൃതർ അറിയിക്കും. ഈ തുക നൽകിയ ശേഷം മാത്രമാകും വാങ്ങിയ സാധനങ്ങൾ നിങ്ങൾക്ക് അയച്ചു തരിക.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓസ്‌ട്രേലിയക്കുള്ളിൽ നിന്ന് തന്നെയാണ് നിങ്ങൾ സാധനങ്ങൾ വാങ്ങുന്നതെങ്കിൽ ഇവ നേരിട്ട് നിങ്ങളിലേക്ക് എത്തുകയാകും ചെയ്യുക. ഈ സാഹചര്യത്തിലും വാങ്ങിയ സാധനങ്ങൾക്ക് ഡ്യൂട്ടിയും നികുതിയും നൽകേണ്ടതുണ്ട്. രാജ്യത്തിനുള്ളിൽ നിന്ന് തന്നെയാണ് സാധനങ്ങൾ വാങ്ങുന്നതെങ്കിൽ ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നതാണ്.
മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ബാർബിക്യൂ പോലുള്ള ഗ്യാസ്, ഇലക്ട്രിക്കൽ ഉൽപ്പനങ്ങൾ ഓൺലൈൻ ആയി വാങ്ങുമ്പോൾ ഇവ ഓസ്‌ട്രേലിയയിൽ ഉപയോഗിക്കാൻ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതും ആവശ്യമാണെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഓസ്‌ട്രേലിയയിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ഉൽപ്പന്നങ്ങൾ
ഓസ്‌ട്രേലിയൻ നിയമ പ്രകാരം വിലക്കേർപ്പെടുത്തിയിരിക്കുന്നതോ നിരോധിച്ചതോ ആയ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ശിക്ഷാർഹമാണ്.
നിരോധിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വഴി നിങ്ങൾ നിയമവിരുദ്ധമായ പ്രവർത്തികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ബോർഡർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ കണ്ടെത്തിയാൽ അധികൃതർ ഇവ പിടിച്ചെടുക്കുകയും ചെയ്യും. മാത്രമല്ല ഇവയുടെ ഇറക്കുമതിയും വിൽപ്പനയും ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്.
വില കൂടിയ സാധനങ്ങൾ ആദ്യമായി വാങ്ങുന്നവർ ലൈസൻസുള്ള ഒരു കസ്റ്റംസ് ബ്രോക്കറുടെ സഹായം തേടുന്നത് ഉപകരിക്കുമെന്ന് ബോർഡർ ഫോഴ്‌സ് അധികൃതർ നിർദ്ദേശം നൽകുന്നു.