രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അത്രയും പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, 213.7 ബില്യൺ ഡോളറിന്റെ കമ്മി ബജറ്റാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അവതരിപ്പിച്ചത്.
രാജ്യത്തിന്റെ മൊത്തം കടം 703 ബില്യൺ ഡോളറായി ഉയരുമെന്നും ട്രഷറർ അറിയിച്ചു.
എന്നാൽ, ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നായി ട്രഷർ അറിയിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
അതിന്റെ ഭാഗമായാണ് ആദായനികുതി ഇളവുകൾ നേരത്തേയാക്കിയിരിക്കുന്നത്.
കുടുംബങ്ങൾക്ക് 5,500 ഡോളർ വരെ തിരികെ ലഭിക്കും
2022 മുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട ഇളവുകളാണ് 2020 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിൽവരുത്തുന്നത്.
ആദായ നികുതിയിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്.
- ലോ ഇൻകം ടാക്സ് ഓഫ്സെറ്റ് 445 ഡോളറിൽ നിന്ന് 700 ഡോളറാക്കി ഉയർത്തും. 37,000 ഡോളറിൽ താഴെ വരുമാനമുള്ളവർക്കാണ് ഇത് ലഭിക്കുന്നത്
- 19ശതമാനം നികുതി ഇടാക്കുന്നതിനുള്ള ഉയർന്ന വരുമാനപരിധി 45,000 ഡോളറാക്കി ഉയർത്തി. നിലവിൽ ഇത് 37,000 ഡോളറായിരുന്നു.
- 32.5% നികുതി നിരക്കിനുള്ള ഉയർന്ന വരുമാനപരിധി 90,000 ഡോളറിൽ നിന്ന് 1,20,000 ആക്കി ഉയർത്തി.
നികുതി നിരക്കുകളിലെ മാറ്റം ഒറ്റനോട്ടത്തിൽ:
നികുതി നിരക്ക് | നിലവിലെ വരുമാനപരിധി | പുതിയ വരുമാനപരിധി |
---|---|---|
0% | $0 - $18,200 | $0 - $18,200 |
19% | $18,201 - $37,000 | $18,201 - $45,000 |
32.5% | $37,001 - $90,000 | $45,001 - $120,000 |
37% | $90,001 - $180,000 | $120,001 - $200,000 |
45% | $180,001ന് മുകളിൽ | $200,001ന് മുകളിൽ |
ലോ ആൻറ് മിഡിൽ ഇൻകം ഓഫ്സെറ്റ് (LMITO) ഈ വർഷവും നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
പരമാവധി 1,080 ഡോളർ വരെ ഒറ്റത്തവണയായി തിരിച്ചുനൽകുന്നതാണ് LMITO.
രണ്ടാം ഘട്ട ആദായനികുതി ഇളവുകൾ 2022ൽ നടപ്പാക്കുമ്പോൾ LMITO നിർത്തലാക്കും എന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ ഈ വർഷം അത് തുടരുമെന്ന് ട്രഷറർ അറിയിച്ചു.
37,000 ഡോളർ മുതൽ 1,26,000 ഡോളർ വരെ വാർഷികവരുമാനമുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. അതിൽ കൂടുതൽ വരുമാനമുള്ളവർക്ക് ആനുപാതികമായി തുക കുറയും.
255 ഡോളറാണ് ഇങ്ങനെ നൽകുന്ന ഏറ്റവുംകുറഞ്ഞ ആനുകൂല്യം.
ഈ മാറ്റങ്ങൾ നടപ്പിൽ വരുന്നതോടെ 1.1 കോടി ഓസ്ട്രേലിയക്കാർക്ക് നികുതി ഇളവ് ലഭിക്കുമെന്ന് ജോഷ് ഫ്രൈഡൻബർഗ് പറ്ഞു.

Treasurer Josh Frydenberg hands down his second federal budget. Source: AAP
70 ലക്ഷത്തിലേറെ പേർക്ക് ഈ വർഷം 2000 ഡോളറോ അതിൽ കൂടുതലോ ഇളവ് ലഭിക്കും എന്നാണ് അദ്ദേഹം അറിയിച്ചത്.
കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ളവരാണെങ്കിൽ, ഒറ്റ വരുമാനമുള്ള കുടുംബങ്ങൾക്ക് 2,745 ഡോളറും, രണ്ടു പേർക്ക് വരുമാനമുണ്ടെങ്കിൽ 5,490 ഡോളറും നികുതി ഇളവ് ലഭിക്കും.
ഈ പണം വിപണിയിലേക്ക് കൂടുതലായെത്തുമെന്നും, അതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ട്രഷറർ പ്രതീക്ഷ പ്രകടിപ്പിച്ചു.