കാട്ടുതീ ബാധയെത്തുടര്‍ന്ന് ഇതിനകം തന്നെ മോശം സ്ഥിതിയിലായിരിക്കുന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗത്തിന് കൊറോണ വൈറസ് ബാധയും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
വൈറസ് ബാധ ഇതുപോലെ തുടരുകയോ ഇനിയും രൂക്ഷമാകുകയോ ചെയ്താല്‍ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ അത് രൂക്ഷമായ പ്രതിസന്ധിയിലാക്കുമെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
Highlights:
- ഒരു വര്‍ഷത്തിനുള്ളില്‍ പലിശ കുറയ്ക്കുന്നത് നാലാം തവണ
- പുതിയ പലിശ (0.5%) ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്
- പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് പല ബാങ്കുകളും
- പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, 0.5 ശതമാനമാണ് പുതിയ നിരക്ക്.
ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഇത്രത്തോളം കുറഞ്ഞ നിരക്കിലേക്ക് പലിശ എത്തുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ വര്‍ഷം മൂന്നു തവണ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് പലിശ കുറച്ചിരുന്നു. ജൂണ്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 0.25 ശതമാനം വീതം കുറച്ചാണ് പലിശ നിരക്ക് 0.75ലേക്ക് എത്തിച്ചിരുന്നത്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ബജറ്റ് പ്രതീക്ഷകളെ തകിടംമറിക്കുമെന്ന് കഴിഞ്ഞയാഴ്ച തന്നെ ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അതിനു പിന്നാലെ വൈറസ് ബാധ മൂലമുള്ള ഓസ്‌ട്രേലിയയിലെ ആദ്യ മരണവും, രാജ്യത്തിനുള്ളില്‍ തന്നെ വൈറസ് പകരുന്ന സാഹചര്യവും സ്ഥിരീകരിച്ചതോടെ സാമ്പത്തിക രംഗത്തും ആശങ്ക കൂടിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയും കഴിഞ്ഞയാഴ്ചകളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.
ബാങ്കുകളുടെ നിലപാട്..
പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന ഇളവ് ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായാല്‍, മൂന്നു ലക്ഷം ഡോളര്‍ വായ്പയുള്ള ഒരാള്‍ക്ക് മാസം 40 ഡോളറിന്റെ ലാഭമുണ്ടാകും.
നാലു ലക്ഷം ഡോളര്‍ ലോണുള്ളയാള്‍ക്ക് 56 ഡോളറാകും മാസം ലാഭം.
ഇളവ് പൂര്‍ണമായും നല്‍കുമെന്ന് നാലു പ്രമുഖ ബാങ്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വെസ്റ്റ്പാക് ബാങ്കാണ് റിസ വ് ബാങ്ക് തീരുമാനം വന്ന ഉട തന്നെ ഇത് പ്രഖ്യാപിച്ചത്. വെസ്റ്റ്പാകിന്റെ വേരിയബിള്‍ നിരക്ക് 4.58 ശതമാനമായും, ഇന്ററസ്റ്റ് ഒണ്‍ലി നിരക്ക് 5.39 ശതമാനമായുമാകും കുറയുക.
കോമണ്‍വെല്‍ത്ത് ബാങ്കും നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറും എന്ന് വ്യക്തമാക്കി.
NAB, ANZ എന്നീ ബാങ്കുകളും, നിരവധി ചെറുകിട ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കി.