'പുതിയ വകഭേദങ്ങളെ നേരിടാൻ തയ്യാർ'
ഭാവിയിൽ കൊവിഡിൻറ വ്യാപനം കുറയ്ക്കുന്നതിനേക്കാൾ ഓസ്ട്രേലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുരുതരമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിലാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു. ശൈത്യകാലത്ത് രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവിന് സാധ്യതയുണ്ടെങ്കിലും, അതിനെ നേരിടാൻ ഓസ്ട്രേലിയ പ്രാപ്തമാണ്.
2022ലെ തണുപ്പ് കാലം ആരോഗ്യ സംവിധാനങ്ങൾ, ആരോഗ്യ സേവന കേന്ദ്രങ്ങൾ, ഏജ്ഡ് കെയർ, ഡിസെബിലിറ്റി കെയറുകളിലെ താമസക്കാർ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്കും, സമ്പദ്‌വ്യവസ്ഥക്കും വെല്ലുവിളികൾ ഉയർത്തിയേക്കാമെന്നും പോൾ കെല്ലി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളും ടെറിട്ടറികളും കൊവിഡ്, ഇൻഫ്ലുവൻസ എന്നിവയെ പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
കൊവിഡ് കേസുകളിൽ വർദ്ധനവ്
ഓസ്ട്രേലിയയിൽ കൊവിഡ് ബാധിച്ച് ഇരുപത് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 15 കൊവിഡ് മരണങ്ങളും, വിക്ടോറിയയിൽ മൂന്നും, ക്വീൻസ്‌ലാൻറിലും ടാസ്മേനിയയിലും ഒരോ മരണങ്ങൾ വീതവും രേഖപ്പെടുത്തി.
ഒറ്റ ദിവസത്തിനുള്ളിൽ 5000 ലേറെ കേസുകളുടെ വർദ്ധനവാണ് NSWലെ കൊവിഡ് നിരക്കിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്‌ച 19,183 ആയിരുന്ന കൊവിഡ് കേസുകൾ ബുധനാഴ്ച 24,151 ലേക്കുയർന്നു.
വിക്ടോറിയയിൽ 12,150, ക്വീൻസ്‌ലാൻഡിൽ 8,534, ടാസ്മാനിയയിൽ 2,408 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
പതിനാലായിരം കടന്ന് വിൻറർ ബൂസ്റ്ററുകൾ
തിങ്കളാഴ്‌ചയാരംഭിച്ച വിൻറർ ബൂസ്റ്റർ ഡോസുകൾ ഇതുവരെ 14,000 ലധികം ആളുകൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. തണുപ്പ് കാലത്തിന് മുന്നോടിയായി, പ്രായമായവർക്കും, ദുർബല വിഭാഗത്തിൽപ്പെടുന്നവർക്കുമാണ് നാലാമത്തെ ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്യുന്നത്.
തിങ്കളാഴ്ച 6600 ഡോസുകളും, ചൊവ്വാഴ്ച 7,700 ഡോസുകളുമാണ് വിതരണം ചെയ്തതെന്ന് വാക്സിൻ വിതരണ പദ്ധതിയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ ജോൺ ഫ്രെവൻ അറിയിച്ചു.
ഓസ്ട്രേലിയയിൽ ബൂസ്റ്റർ ഡോസിനർഹതയുള്ളവരിൽ 11 ശതമാനത്തിലധികം പേർ മൂന്നാമത്തെ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ജോൺ ഫ്രെവൻ പറഞ്ഞു.
ബൂസ്റ്റർ ഡോസുകൾ ഒഴിവാക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫ്രെവൻ ആശയക്കുഴപ്പത്തിൻറെതായ ചില ഘടകങ്ങൾ ഇതിൽ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി.