ഫൈസർ-ബയോൺടെക് കൊവിഡ് വാക്സിൻ അടുത്തയാഴ്ച മുതൽ ബ്രിട്ടനിലെ ജനങ്ങൾക്ക് നൽകിത്തുടങ്ങുമെന്ന് ബ്രിട്ടീഷ് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു.
അമേരിക്കൻ മരുന്നു നിർമ്മാതാക്കളായ ഫൈസറും, ജർമ്മൻ സ്ഥാപനമായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ പൊതുജനങ്ങൾക്ക് നൽകുന്നത്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഫൈസർ വാക്സിന് ഉടൻ അനുമതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഓസ്‌ട്രേലിയയിൽ മാർച്ച് മുതൽ മാത്രമേ വാക്‌സിൻ നൽകുകയുള്ളുവെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. വാക്‌സിന്റെ സൂരക്ഷ അതിവേഗം വിലയിരുത്താനും സൗജന്യമായി ഇവ വിതരണം ചെയ്യാനും സർക്കാർ തയ്യാറായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്‌സിനെക്കുറിച്ച് ഓസ്‌ട്രേലിയയിലെ ഫൈസർ സി ഇ ഒ യുമായി സംസാരിച്ചുവെന്നും തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ (TGA) അംഗീകാരം ലഭിച്ചാൽ ഓസ്‌ട്രേലിയയിൽ ഇവ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
ഇതിനായി TGA യുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ് ഫൈസർ കമ്പനി.
2021 ജനുവരി അവസാനത്തോടെ അംഗീകാരം നൽകുന്ന കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിന് ശേഷം 2021 മാർച്ചോടെ രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യാനുമാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
വാക്‌സിൻ നൽകുമ്പോൾ സുരക്ഷയാണ് ഓസ്ട്രലിയക്കാർ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കാരുടെ സുരക്ഷക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
ബ്രിട്ടനിൽ ഫൈസർ വാക്‌സിന് അടിയന്തരമായി അംഗീകാരം നൽകിയ നടപടി സ്വാഗതം ചെയ്യുന്നതായി മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
വാക്‌സിൻ എടുക്കുന്നത് രാജ്യത്ത് നിര്ബന്ധമാക്കില്ലയെന്നും, ആവശ്യമുള്ളവർ സ്വമേധയാ മുൻപോട്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഫൈസർ വാക്‌സിൻ ഫലപ്രദമായാൽ പത്ത് മില്യൺ ഫൈസർ വാക്‌സിൻ ഡോസുകൾ വാങ്ങാനാണ് ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മെസഞ്ചർ ആർ എൻ എ (mRNA) എന്ന പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
ഫൈസർ വാക്‌സിൻ ഉൾപ്പെടെ നാല് വ്യത്യസ്ത വാക്‌സിനുകൾക്കായി സർക്കാർ കരാർ ഒപ്പ് വച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പരീക്ഷണത്തിലാണ്.
ക്വീൻസ്ലാൻറ് യൂണിവേഴ്സിറ്റിയുടെ നോവവാക്സ്, ഓസ്‌ഫോർഡ് വാക്‌സിൻ, കോവാക്സ് എന്നീ വാക്‌സിനുകൾക്കാണ് ഓസ്ട്രേലിയ കരാർ ഒപ്പ് വച്ചിരിക്കുന്ന മറ്റ് വാക്‌സിനുകൾ.