നിലവില്‍ ഒരു ബാങ്കില്‍ അക്കൗണ്ടുള്ളയാള്‍ മറ്റേതെങ്കിലും ബാങ്കിലെ അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് വഴി പണമയച്ചാല്‍, പണം ക്രെഡിറ്റാകുന്നതിന് മൂന്നു ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഈ കാലതാമസം അവസാനിപ്പിക്കുന്നതിനാണ് ന്യൂ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം (NPP) എന്ന പദ്ധതി നടപ്പാക്കുന്നത്.
ഓസ്‌ട്രേലിയയിലെ നാല് പ്രമുഖ ബാങ്കുകളും, സാമ്പത്തിക ഇടപാടുകൾ നടത്തുന്ന 50 ഓളം ചെറിയ സ്ഥാപനങ്ങളുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതോടെ ഏതൊരു ബാങ്കിൽ നിന്നും മറ്റ് ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണമയച്ചാൽ നിമിഷങ്ങൾക്കകം ഈ പണം ട്രാൻസ്ഫർ ആകും.
"ഏതു ദിവസവും, ഏതു സമയത്തും പണമയക്കാം. അക്കൗണ്ടുടമയ്ക്ക് 45 സെക്കന്റിനുള്ളില്‍ പണം കിട്ടും."
2012 -ൽ റിസേർവ് ബാങ്ക് നടത്തിയ പുനഃപരിശോധനയുടെ ഭാഗമായാണ് മറ്റ് വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഈ പദ്ധതി ഓസ്‌ട്രേലിയയിലും നടപ്പിലാക്കുന്നത്.
വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും ഇത് പ്രവർത്തിക്കുമെന്ന് ന്യൂ പെയ്മെന്റ്സ് പ്ലാറ്റഫോമിന്റെ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാൻ ലോവ്‌നെ അറിയിച്ചു.
മാത്രമല്ല, വാരാന്ത്യദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് പണം അയയ്ക്കുന്നതെങ്കിലും 30 മുതൽ 45 സെക്കന്റുകള്‍ക്കുള്ളില്‍ ഇത് ക്രെഡിറ്റ് ചെയ്യപ്പെടും.
2018 ജനുവരി മുതൽ - അതായത് ഓസ്‌ട്രേലിയ ദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ - പദ്ധതി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
അക്കൗണ്ട് നമ്പര്‍ വേണ്ട; പണമയക്കാന്‍ പുതിയ PayID
നിലവില്‍ ഇന്റര്‍നെറ്റ് വഴി പണം കൈമാറ്റം ചെയ്യുന്നത് ബാങ്കുകളുടെ ബി എസ് ബി നമ്പരും വ്യക്തികളുടെ അക്കൗണ്ട് നമ്പരും ഉപയോഗിച്ചാണ്.
എന്നാല്‍ അതിനു പകരം PayID എന്ന ഒറ്റ നമ്പര്‍ മാത്രം ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നാണ് പുതിയ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മൊബൈല്‍ നമ്പരോ, ഇമെയില്‍ അഡ്രസോ പോലെ എളുപ്പം ഓര്‍ത്തിരിക്കാവുന്ന ഒന്നായിരിക്കും നിങ്ങളുടെ PayID.
മറ്റൊരാള്‍ നിങ്ങള്‍ക്ക് പണം അയക്കുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് നമ്പരും ബി എസ് ബിയും കൊടുക്കുന്നതിന് പകരം ഈ PayID മാത്രം കൊടുത്താല്‍ മതി.
PayID ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നിലവിലേതു പോലെ തന്നെ പണം ട്രാന്‍സ്ഫറിംഗ് തുടരാനും പുതിയ സംവിധാനത്തില്‍ കഴിയും.
സുരക്ഷയെക്കുറിച്ച് ആശങ്ക
അതേസമയം ഈ പുതിയ പദ്ധതിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഏത് അക്കൗണ്ടിലേക്ക് പണമയച്ചാലും ഉടന്‍ കിട്ടുന്ന സംവിധാനം തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യും എന്നാണ് ആശങ്ക.
2008ല്‍ സമാനമായ പദ്ധതി നടപ്പാക്കിയ ബ്രിട്ടനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ അതിനു ശേഷം 132 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ബാങ്കുകള്‍ പുതിയ സംവിധാനത്തില്‍ നടപ്പാക്കണമെന്ന് NPP തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.