യുക്രൈനു നേരേ അധിനിവേശം തുടങ്ങിയ ശേഷം റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ നിരവധി ഉപരോധങ്ങളാണ് ഏർപ്പെടുത്തുന്നത്.
ഓസ്ട്രേലിയൻ സർക്കാരും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പല രാജ്യങ്ങളും റഷ്യൻ നിർമ്മിത മദ്യവും ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ഓസ്ട്രേലിയയിലെ പ്രമുഖ മദ്യവിൽപ്പന ശൃംഖലകളെല്ലാം റഷ്യൻ മദ്യം വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു.
മദ്യവിൽപ്പന സ്റ്റോറുകളായ ഡാൻ മർഫി, BWS, സെല്ലാർമാസ്റ്റേഴ്സ്, മദ്യവിതരണ സേവനമായ ജിമ്മി ബ്രിംഗ്സ് തുടങ്ങിയവയുടെ മാതൃസ്ഥാപനമായ എൻഡവർ ഗ്രൂപ്പാണ് ഈ തീരുമാനം ആദ്യം പ്രഖ്യാപിച്ചത്.
യുക്രൈനിലെ സാഹചര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്നും, അതിനാലാണ് കടകളിൽ നിന്നും, ഹോട്ടലുകളിൽ നിന്നും ഓൺലൈൻ വിപണിയിൽ നിന്നും റഷ്യൻ മദ്യം പിൻവലിക്കുന്നതെന്നും എൻഡവർ ഗ്രൂപ്പ് അറിയിച്ചു.
ഇതിനു പിന്നാലെ സൂപ്പർമാർക്കറ്റ് ശൃംഖലകളായ കോൾസും ആൽഡിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ലിക്വർലാന്റ്, വിന്റേജ് സെല്ലാർസ്, ഫസ്റ്റ് ചോയ്സ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ മദ്യം ബഹിഷ്കരിക്കുമെന്ന് കോൾസ് വക്താവ് അറിയിച്ചു. രാജ്യത്തെല്ലായിടത്തും ഈ ബഹിഷ്കരണം ഉണ്ടാകുമെന്നും കോൾസ് വ്യക്തമാക്കി.

നിലവിൽ സ്റ്റോറുകളിലുള്ള റഷ്യൻ മദ്യം ഒഴിവാക്കുന്നതിനു പുറമേ, സമീപ ഭാവിയിലൊന്നും റഷ്യൻ മദ്യം വിപണിയിൽ എത്തിക്കില്ല എന്നാണ് ആൽഡിയുടെ പ്രഖ്യാപനം.
റഷ്യനില്ല, പക്ഷേ വോഡ്ക കിട്ടും...
അതേസമയം, റഷ്യൻ മദ്യം ഒഴിവാക്കും എന്ന പ്രമുഖ ശൃംഖലകളുടെ പ്രഖ്യാപനം മദ്യവിപണിയെ കാര്യമായി ബാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ വിപണിയിലെ റഷ്യൻ നിർമ്മിത മദ്യം വളരെ കുറവാണ് എന്നതാണ് കാരണം.
റഷ്യൻ വോഡ്ക എന്ന പേരിൽ പൊതുവിൽ അറിയപ്പെടുന്ന പല മദ്യങ്ങളും ഓസ്ട്രേലിയയിലോ മറ്റു രാജ്യങ്ങളിലോ നിർമ്മിക്കുന്നവയാണ്.
റഷ്യൻ വോഡ്ക എന്ന പേരിൽ ഏറെ പ്രശസ്തമായ സ്മിർനോഫ് വോഡ്ക യഥാർത്ഥത്തിൽ ഒരു ബ്രിട്ടീഷ് കമ്പനിയുടേതാണ്. ഓസ്ട്രേലിയൻ വിപണിയിലേക്ക് ഇത് നിർമ്മിക്കുന്നതാകട്ടെ, ഇവിടെ പ്രാദേശികമായും.
മറ്റൊരു പ്രശസ്ത “റഷ്യൻ” വോഡ്കയായ സ്റ്റോളി വോഡ്ക നിർമ്മിക്കുന്നത് ലാത്വിയയിലും, ലാറ്റിനമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളിലുമാണ്.
അതുകൊണ്ടു തന്നെ, റഷ്യൻ വോഡ്ക ബഹിഷ്കരിച്ചാലും മദ്യഷെൽഫുകളിലെ വോഡ്കയുടെ അളവിൽ കാര്യമായ കുറവുണ്ടാകില്ല എന്നാണ് സൂചന.


