ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് ചൈനയിൽ നിന്നുള്ള കൊറോണവൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്.
ഓസ്‌ട്രേലിയയിൽ നാല് പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർ രാജ്യത്ത് നിരീക്ഷണത്തിലാണ്.
രോഗം ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഹുബെയ് പ്രവിശ്യയിൽ 2000ലേറെ പേർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നതുകൊണ്ട് തന്നെ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ വുഹാൻ ഉൾപ്പെടെ 16 നഗരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
രോഗം മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാൻ ഇവിടെ നിന്നുള്ള വിമാന സർവീസുകളും ചൈന റദ്ദാക്കിയിരിക്കുകയാണ്.
ഇത് മൂലം കുട്ടികൾ ഉൾപ്പെടെ നൂറ്കണക്കിന് ഓസ്‌ട്രേലിയക്കാർ ഹുബെയ് പ്രവിശ്യയിൽ ഇപ്പോൾ കുടുങ്ങിക്കിടക്കുകയാണ്.
ചൈനീസ് പുതുവർഷമായ ലൂണാർ ന്യൂ ഇയർ ആഘോഷിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് വുഹാനിൽ എത്തിയവരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ആറ് മാസം മുതൽ 16 വയസ്സുവരെ പ്രായമായ നൂറിലേറെ കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇവരെ വുഹാനിൽ നിന്ന് ഒഴിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം.
ഇതിനായി ചൈനീസ് അധികൃതരുമായും മറ്റ് രാജ്യങ്ങളുമായും ചർച്ചകൾ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രി മരിസ പെയ്ൻ അറിയിച്ചു.
ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിയും എന്നതിനെക്കുറിച്ച് തീരുമാനിക്കാനായി ബെയ്ജിംഗിലെ ഓസ്‌ട്രേലിയൻ എംബസിയുമായും ഷാങ്ഹായിലെ കോൺസുലേറ്റുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മരിസ പെയ്ൻ പ്രസ്താവനയിലൂടെ അറിയിച്ചു.
സിഡ്‌നിയിൽ മൂന്ന് പേർക്കും വിക്ടോറിയയിൽ ഒരാൾക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോറോണവൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
രണ്ടാഴ്ചത്തെ സന്ദർശനത്തിന് ശേഷം ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയ 50 വയസ്സുള്ള ചൈനീസ് വംശജനാണ് വിക്ടോറിയയിൽ രോഗബാധ സ്ഥിരീകരിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ രോഗം പിടികൂടിയവരിൽ ഒരാൾ ജനുവരി ആറിനും മറ്റൊരാൾ ജനുവരി ഒമ്പതിനും ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയവരാണെന്ന് NSW ചീഫ് ഹെൽത് ഉദ്യോഗസ്ഥൻ ഡോ കെറി ചാന്റ് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ ഒരാൾക്കുകൂടി രോഗം ബാധിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കെയാണ് വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവന പുറത്തിറക്കിയത്.
രോഗലക്ഷണങ്ങൾ കാണുന്നവർ പ്രത്യേകിച്ചും വുഹാനിൽ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തിയവരും മറ്റും എത്രയും വേഗം ആരോഗ്യ വിദഗ്ദ്ധരെ സമീപിക്കണമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
രോഗം വേഗത്തിൽ പടരുന്നതുകൊണ്ട് തന്നെ ഹുബെയിൽ നിന്ന് ആളുകൾ പുറത്തേക്ക് യാത്ര ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്.
വുഹാനിലെ കോൺസുലേറ്റിൽ ജോലി ചെയ്യുന്നവരെ അവിടെ നിന്നും തിരികെ കൊണ്ടുവരാനായി അമേരിക്ക വിമാനം അയയ്ക്കാൻ ഒരുങ്ങുകയാണ്. ഹാങ്‌ഷോ നഗരത്തിൽ കുടുങ്ങിക്കിടന്ന 20 എയർലൈൻ ഉദ്യോഗസ്ഥരെയും യാത്രക്കാരെയും സിംഗപ്പൂർ രക്ഷപ്പെടുത്തിയിരുന്നു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 150 ശ്രീലങ്കൻ വിദ്യാർത്ഥികളെ തിരിച്ചു കൊണ്ടുവരുമെന്ന് ശ്രീലങ്കയും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ഥിതിഗതികൾ വഷളായതോടെ വുഹാനിൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി. ഇതിന് പുറമെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിലും ശനിയാഴ്ച രാത്രി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതോടെ 50 മില്യൺ ആളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.