കൊവിഡ് പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ കുടിയേറ്റ രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു.
ഫാമിലി വിസകൾക്കും, ഓൺഷോർ വിസകൾക്കും കൂടുതൽ പ്രാമുഖ്യം നൽകും എന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.
പാർട്ണർ വിസകളുടെ എണ്ണം സർക്കാർ വൻതോതിൽ വർദ്ധിപ്പിച്ചു. നിലവിൽ ഓസ്ട്രേലിയയിൽ ഉള്ളവരുടെ അപേക്ഷകൾക്കാണ് ഇതിൽ മുഖ്യ പരിഗണന.
എന്നാൽ, വിദേശത്തു നിന്ന് ഫാമിലി വിസകൾക്കായി അപേക്ഷിച്ച ശേഷം താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിലെത്തി കുടുംബാംഗങ്ങളോടൊപ്പം കഴിയുന്ന നിരവധി പേരെ ഇത് ബാധിക്കും എന്നായിരുന്നു ആശങ്ക.
ഓഫ്ഷോർ ഫാമിലി വിസകൾക്ക് അപേക്ഷിച്ചവർക്ക് അത് ലഭിക്കണമെങ്കിൽ, വിസ അനുവദിക്കുന്ന സമയത്ത് അവർ ഓസ്ട്രേലിയയ്ക്ക് പുറത്തായിരിക്കണം എന്നാണ് വ്യവസ്ഥ. അതായത്, താൽക്കാലിക വിസകളിൽ ഓസ്ട്രേലിയയിലുണ്ടെങ്കിൽ അപ്പോൾ അവർക്ക് വിസ ലഭിക്കില്ല.
എന്നാൽ കൊറോണവൈറസ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയാത്ത ആയിരക്കണക്കിന് പേരെയാണ് ബാധിച്ചത്. ഓസ്ട്രേലിയയിൽ തന്നെയായതിനാൽ അവർക്ക് ഓഫ്ഷോർ വിസ ലഭിക്കില്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് സർക്കാർ പുതിയ ഇളവ് പ്രഖ്യാപിച്ചത്.
കൊവിഡ് വിലക്കുകൾ കാരണം ഓസ്ട്രേലിയയ്ക്ക് പുറത്തേക്ക് പോകാൻ കഴിയാത്തവർക്കും ഓഫ്ഷോർ ഫാമിലി വിസ അനുവദിക്കും.
ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്ന് വിസയ്ക്കായി നേരത്തേ അപേക്ഷിച്ചവർ കൊവിഡ് നിയന്ത്രണം മൂലം ഓസ്ട്രേലിയയിൽ കുടുങ്ങിയിട്ടുണ്ടെങ്കിലാണ് ഈ ഇളവ് ലഭിക്കുക.
4,000ഓളം അപേക്ഷകർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് കുടിയേറ്റകാര്യവകുപ്പ് അറിയിച്ചു. പ്രധാനമായും പാർട്ണർ വിസ അപേക്ഷകർക്കാണ് ഇത് ഗുണകരമാകുക.
ഇത്തരത്തിൽ ആശങ്കയിലായിരുന്ന നിരവധി മലയാളികളുമുണ്ട്. അവരിൽ ചിലരോട് എസ് ബി എസ് മലയാളം നേരത്തേ സംസാരിച്ചിരുന്നു.
താഴെ പറയുന്ന വിസകൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്:
- പാർട്ണർ വിസ (സബ്ക്ലാസ് 309)
- പ്രോസ്പെക്ടീവ് മാര്യേജ് വിസ (സബ്ക്ലാസ് 300)
- ചൈൽഡ് വിസ (101)
- അഡോപ്ഷൻ വിസ (102)
- ഡിപ്പൻഡന്റ് ചൈൽഡ് വിസ (445)
അടുത്ത വർഷമായിരിക്കും ഈ മാറ്റം പ്രാബല്യത്തിൽ വരിക.
ഫാമിലി വിസകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ, ലഭിച്ചിട്ടുള്ള ഭൂരിഭാഗം അപേക്ഷകളിലും ഉടൻ തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ വ്യക്തമാക്കി.