ഓസ്‌ട്രേലിയയില്‍ നടപ്പാക്കിയിട്ടുള്ള ഭാഗിക ലോക്ക്ഡൗണ്‍ ഇളവുചെയ്യുന്ന കാര്യത്തില്‍, മുമ്പ് നിശ്ചയിച്ചിരുന്നതിനെക്കാള്‍ ഒരാഴ്ച മുമ്പ് തീരുമാനമെടുക്കാനാണ് ദേശീയ ക്യാബിനറ്റ് ആലോചിക്കുന്നത്.
അടുത്ത വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവു നല്കി തുടങ്ങിയിട്ടുണ്ട്.
സാമൂഹിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഓസ്‌ട്രേലിയക്കാര്‍ നല്‍കിയ സഹകരണമാണ് ഇത്തരത്തില്‍ നേരത്തേ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറെക്കാലം ഇങ്ങനെ കഴിയാനാവില്ലെന്നും, കംഗാരുവിനെയും എമുവിനെയും പോലെ മുന്നോട്ടു മാത്രമാണ് ഓസ്‌ട്രേലിയ പോകേണ്ടതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, എത്രത്തോളം ഓസ്‌ട്രേലിയക്കാര്‍ കൊവിഡ്‌സേഫ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു എന്നത് നിയന്ത്രണങ്ങള്‍ ഇളവു നല്‍കുന്നതില്‍ പ്രധാന ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനഞ്ചു ഘടകങ്ങളാണ് നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുന്നതിന് മാനദണ്ഡമാക്കുന്നത്. അതില്‍ 11 എണ്ണം മാത്രമേ ഇതുവരെയും പൂര്‍ത്തീകരിക്കാനായിട്ടുള്ളൂ.
കൂടുതല്‍ പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമാണ്.
35 ലക്ഷത്തോളം പേരാണ് ഇതുവരെ ആപ്പ ്ഡൗണ്‍ലോഡ് ചെയ്തത്. ഇനിയും ദശലക്ഷക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്യണം. എന്നാല്‍ മാത്രമേ സുരക്ഷിതമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയൂ.
ഓസ്‌ട്രേലിയക്കാര്‍ക്ക് പബുകളിലേക്ക് തിരിച്ചുപോകാന്‍ എപ്പോള്‍ കഴിയും എന്നു ചോദിച്ചപ്പോള്‍, ്അതിനുള്ള ഏറ്റവും നല്ല മാര്ഗ്ഗമാണ് കൊവിഡ് സേഫ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ നിയമപരമായി കഴിയില്ല. എന്നാല്‍ എല്ലാവരെയും അതിനായി പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏതൊക്കെ മേഖലകളിലായിരിക്കും ആദ്യം ഇളവു നല്‍കുക എന്ന കാര്യം ദേശീയ ക്യാബിനറ്റാകും തീരുമാനിക്കുക എന്നും, ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.