ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നതില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രങ്ങളെല്ലാം മുന്‍പേജിലെ വാര്‍ത്തകള്‍ കറുത്ത മഷികൊണ്ട് മറച്ചു.
ഓസ്‌ട്രേലിയന്‍ മാധ്യമചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുന്‍പേജുകളെ കറുപ്പിച്ചുകൊണ്ടുള്ള ഒരു പ്രതിഷേധം.
പരസ്പരം ഏറെ മത്സരം നിലനില്‍ക്കുന്ന മാധ്യമരംഗത്ത്, അതെല്ലാം മാറ്റിവച്ചുകൊണ്ടാണ് മുന്‍നിര മാധ്യമങ്ങള്‍ ഒരുമിച്ച് രംഗത്തെത്തിയത്.
'അറിയാനുള്ള അവകാശത്തിനായുള്ള ഓസ്‌ട്രേലിയന്‍ സഖ്യം' അഥവാ Australia's Right to Know coalition എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ പ്രതിഷേധം.
പൊതുമേഖലാ സ്ഥാപനമായ SBSഉം, പൂര്‍ണമായും ഫെഡറല്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന ABCയും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഇത്.
ചാനല്‍ നയന്‍, ന്യൂസ് കോര്‍പ്, ദ ഗാര്‍ഡിയന്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ വാണിജ്യ മാധ്യമങ്ങളും ഈ കൂട്ടായ്മയിലുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ കൊണ്ടുവന്നിട്ടുള്ള നിരവധി നിയമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഈ കൂട്ടായ്മ ആരോപിച്ചു. ജനം അറിയേണ്ട അടിസ്ഥാന വിവരങ്ങള്‍ പോലും ദേശീയ സുരക്ഷാ നിയമങ്ങളുടെ പേരില്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു എന്നാണ് വിമര്‍ശനം.
ലോകത്തിലെ ഏറ്റവും നിഗൂഢ ജനാധിപത്യമായി മാറുകയാണ് ഓസ്‌ട്രേലിയ എ ബി സി മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് ആന്‍ഡേഴ്‌സന്‍
ജനാധിപത്യത്തിന്റെ നാലാം തൂണ് എ്ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നും കൂട്ടായ്മ കുറ്റപ്പെടുത്തി.
പ്രമുഖ ചാനലുകളിലെല്ലാം ഞായറാഴ്ച പ്രൈം ടൈമില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കിയിരുന്നു.
ജൂണ്‍ മാസത്തിലാണ് മാധ്യമസ്വാതന്ത്ര്യ വിഷയം ഇത്ര സജീവ ചര്‍ച്ചയായത്. എ ബി സി ആസ്ഥാനത്തും, ന്യൂസ് കോര്‍പ്പ് റിപ്പോര്ട്ടര്‍ ആനിക സ്‌മെതര്‍സ്റ്റിന്റെ വീട്ടിലും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
വിദേശരാജ്യങ്ങളില്‍ ഓസ്‌ട്രേലിയന്‍ സൈന്യം നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഈ റെയ്ഡുകള്‍.
മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നായിരുന്നു ഇതിനു ശേഷം പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചത്. ഈ റെയ്ഡുകളെക്കുറിച്ച് സര്‍ക്കാരിന് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തു വരുന്നത് തടയാനായി കഴിഞ്ഞ രണ്ടു ദശാബ്ദമായി പുതിയ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതായി മാധ്യമപ്രവര്‍ത്തകരുടെ യൂണിയനായ മീഡിയ എന്റര്‍ടൈന്‍മെന്റ് ആന്റ് ആര്‍ട്‌സ് അലയന്‍സ് (MEAA) ചീഫ് എക്‌സിക്യുട്ടീവ് പോള്‍ മര്‍ഫി ചൂണ്ടിക്കാട്ടി. അഴിമതി വിവരങ്ങള്‍ പുറത്തുപറയാന്‍ പോലും ഇപ്പോള്‍ പലരും മടിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനായി വ്യക്തമായ നിയമമില്ലെന്ന് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അഡ്വാന്‍സിംഗ് ജേര്‍ണലിസത്തിലെ ഡെനിസ് മുള്ളറും ചൂണ്ടിക്കാട്ടി.