നവംബർ 28നാണ് പോർട്ട് മക്വാറിയിലെ വീട്ടിനുള്ളിൽ ജോംസൺ ജേക്കബിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒരു ഏജ്ഡ് കെയർ സെന്ററിൽ സീനിയർ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുകയായിരുന്നു ജോംസൺ. വൈക്കം സ്വദേശിയായ അദ്ദേഹത്തിന്, ഭാര്യയും മൂന്നു വയസുള്ള മകനുമുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കുള്ള മലേഷ്യൻ എയർലൈൻസ് വിമാനത്തിലാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയതെന്ന് ജോംസന്റെ ബന്ധു മെജോ വർഗീസ് അറിയിച്ചു. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയോടെ മൃതദേഹം കൊച്ചിയിലെത്തും.
സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വൈക്കം സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Source: Facebook
കഴിഞ്ഞയാഴ്ച മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരുന്നു. കൊറോണർ അന്വേഷണവും നടക്കുന്നുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം ലഭിച്ചതായും സുഹൃത്തുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്കായി എണ്ണായിരം ഡോളറോളം കോൺസുലേറ്റ് സാമ്പത്തിക സഹായവും നൽകി.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റു നടപടിക്രമങ്ങൾക്കുമുള്ള ചെലവിനായി പോർട്ട് മക്വാറി മലയാളികൾ നടത്തിയ ഓൺലൈൻ ധനസമാഹരണത്തിലൂടെ 16,000 ഡോളർ ശേഖരിക്കാൻ കഴിഞ്ഞതായും സുഹൃത്തുക്കൾ അറിയിച്ചു.